തിടമ്പേറ്റിയത് യന്ത്രത്തിൽ നിർമ്മിച്ച ആന. ആധുനികതയിലേയ്ക്ക് ചുവടുവച്ച് ഒരു ക്ഷേത്രം
പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടനയാണ് ആനയെ ക്ഷേത്രത്തിനായി സമർപ്പിച്ചത്.


ചരിത്രത്തിലാദ്യമായി ഒരു ക്ഷേത്രത്തിൽ മനുഷ്യനിർമ്മിതമായ റോബോർട്ട് ആനയെ നടയ്ക്കിരുത്തുകയും ഇതേ യന്ത്ര ആന ആ ക്ഷേത്രത്തിലെ ഉത്സവത്തിന് തിടമ്പുേറ്റുകയും ചെയ്ത കാഴ്ച്ച അതിശയപ്പെടുത്തുന്നതായിരുന്നു.തൃശൂർ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ റോബോർട്ട് ആനയാണ് ഇക്കുറി ഉത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റിയത്.കാണികളിൽ കൗതുകവും ചിന്തയും ഉളവാക്കി തലയെടുപ്പോടെ തിടമ്പേറ്റിയ ശീവേലി എഴുന്നള്ളിപ്പ് കാണേണ്ടത് തന്നെയാണ്. ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത ഒരു റോബോട്ടിക് ആനയാണ് ഇത്.കേരളത്തിൽ തന്നെ ഇതാദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു കൊമ്പൻ ക്ഷേത്രഉത്സവത്തിന് തിടമ്പേറ്റുന്നത്.പത്തര അടിയാണ് ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ ഉയരം.800 കിലോ ഭാരം.നാലുപേരെ പുറത്തേറ്റാൻ രാമന് കഴിയും. അഞ്ചു ലക്ഷം രൂപയാണ് ആനയുടെ നിർമ്മാണ ചെലവ്. ദുബായ് ഫെസ്റ്റിവലിന് യന്ത്ര ആനകളെ ഒരുക്കിയ ചാലക്കുടി പോട്ട ഫോർ ഹി ആർട്സ് ക്രിയേഷൻസിലെ ശിൽപികളായ പി പ്രശാന്ത്,കെ.എം ജിനേഷ്, എം.ആർ റോബിൻ, സാന്റോ ജോസ് എന്നിവരാണ് 2 മാസം കൊണ്ട് ആനയെ നിർമിച്ചത്.വൈദ്യുതിയിലാണ് ആനയുടെ തലയും കണ്ണുകളും വായും ചെവിയും വാലുമെല്ലാം പ്രവർത്തിക്കുന്നത്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അഞ്ചു മോട്ടോറുകൾ ഉപയോഗിച്ചാണ് റോബോർട്ട് ആനയെ ചലിപ്പിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണം. പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടനയാണ് ആനയെ ക്ഷേത്രത്തിനായി സമർപ്പിച്ചത്. ക്ഷേത്രങ്ങളിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു റോബോട്ടിക് ആനയെ നടയിരുത്തുന്നത്

