CRIME

സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് അരുൺ കുറ്റക്കാരനാണെന്ന് വിധിച്ചത്

നെടുമങ്ങാട് സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് അരുൺ കുറ്റക്കാരനാണെന്ന് വിധിച്ചത്.കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.

2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി സൂര്യഗായത്രിയെ കുത്തിക്കൊല്ലുകയായിരുന്നു. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

അടുക്കള ഭാഗത്തുകൂടി വീടിന് അകത്തുകടന്ന പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് 33 തവണയാണ് സൂര്യഗായത്രിയെ കുത്തിയത്. അമ്മ വത്സലയ്ക്കും അച്ചന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു യുവതി. പുറത്തെ ശബ്ദം കേട്ട് യുവതിയും പിതാവും പുറത്തിറങ്ങി നോക്കി. ഇതിനിടെ പ്രതി അരുണ്‍ പിന്നിലെ വാതിലിലൂടെ അകത്തു കയറി ഒളിച്ചിരുന്നു.

അകത്തേക്കു കയറിയ സൂര്യഗായത്രിയെ പ്രതി തുടരെത്തുടരെ കുത്തുകയായിരുന്നു. വയറിലും നെഞ്ചിലും കുത്തേറ്റ സൂര്യഗായത്രി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. തടുക്കാന്‍ ശ്രമിച്ച ശിവദാസനെ പ്രതി അരുണ്‍ അടിച്ചു നിലത്തിടുകയും ചെയ്തു. ഭിന്നശേഷിക്കാരിയായ അമ്മ തടയാനെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു. വിവാഹാഭ്യര്‍ത്ഥന സൂര്യഗായത്രി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button