ദീപുവിന്റെ സ്മരണയ്ക്ക് ഒരാണ്ട്. അനുസ്മരണയോഗങ്ങൾ സംഘടിപ്പിച്ച് ട്വന്റി20


സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് മരിച്ച ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ടു തികയുന്നു. കിഴക്കമ്പലം കാവുങ്ങപ്പറമ്പില്‍ പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപു(38)വാണ് രാഷ്ട്രീയപകപോക്കലിന്റെ ഇരയായി മാറിയത്. കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജനെതിരെ ട്വന്റി20 സംഘടിപ്പിച്ച വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. 2022 ഫെബ്രുവരി 12 ന് വീട്ടിലിരുന്ന ദീപുവിനെ വിളിച്ചിറക്കി സമീപത്തെ വഴിയിൽ വച്ച് മർദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദീപു ഫെബ്രുവരി 18 ന് മരിക്കുകയും ചെയ്തു.രാഷ്ട്രീയകേരളത്തിൽ ഏറെ കോളിളക്കങ്ങൾസൃഷ്ടിച്ച ഈ കേസില്‍ പ്രതികള്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് പോലീസ് കേസെടുത്തിരുന്നെങ്കിലും ട്വന്റി20 എന്ന ജനകീയസംഘടനയെ ഉന്മൂലനം ചെയ്യാന്‍ സി.പി.എം നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് ദീപുവിന്റെ കൊലപാതകത്തെ രാഷ്ട്രീയ കേരളം നിരീക്ഷിച്ചത്. ഈ കേസില്‍ എം.എല്‍.എയെ ക്കൂടി പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ട്വന്റി20 നേതൃത്വം നിരവധി പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.ദീപുവിന്റെ മരണത്തോടെ അനാഥരായ വൃദ്ധമാതാപിതാക്കളുടെ സംരക്ഷണം ട്വന്റി20 ഏറ്റെടുക്കുകയും ചെയ്തിരുന്നു.


വിവിധയിടങ്ങളിൽ അനുസ്മരണയോഗങ്ങള്‍ ചേരും
ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിനെ അനുസ്മരിക്കുന്നതിനായി ട്വന്റി20 നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വിവിധ സ്ഥലങ്ങളില്‍ അനുസ്മരണയോഗങ്ങള്‍ നടക്കും. രാവിലെ 9 ന് കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിനു സമീപം, വെങ്ങോല ട്വന്റി20 ഓഫീസ് എന്നിവിടങ്ങളിലും വൈകീട്ട് 6 ന് കിഴക്കമ്പലം ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഗ്രൗണ്ട്, ഐക്കരനാട് ട്വന്റി20 ഓഫീസ്, മഴുവന്നൂര്‍ ലൈബ്രറി, തിരുവാണിയൂര്‍ ഡി.ഡി വൈറ്റ് ഹൗസ്, വടവുകോട് ട്വന്റി20 ഓഫീസ്, പൂതൃക്ക ബിനു പീറ്റര്‍, ചിറ്റേതുപറ എന്നിവിടങ്ങളിലും അനുസ്മരണയോഗങ്ങള്‍ ചേരുമെന്ന് ട്വന്റി20 നേതൃത്വം അറിയിച്ചു.

