പ്രത്യാശയുടെ ഉയിർപ്പ് തിരുനാൾ


യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ.ഉയിർപ്പുകാലം ആദ്യ ഞായർ അഥവാ ദുഃഖവെള്ളി കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഉയിർപ്പുതിരുന്നാൾ അഥവാ ഈസ്റ്റർ. ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു’ എന്നൊരാൾ പറയുമ്പോൾ ‘സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നു . സീറോ മലബാർ സഭയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു.
ക്രൈസ്തവ മത വിശ്വാസത്തിന്റെ മർമ്മമായ യേശുവിന്റെ പുനരുത്ഥാനം, പാപത്തിന്റെയും മരണത്തിന്റെയും മേൽ യേശു വരിച്ച വിജയം, കുരിശ് രക്ഷയുടെയും മഹത്ത്വത്തിന്റെയും അടയാളമായി ഉയർത്തപ്പെടുന്നത്, ഈശോയുടെ ഉയിർപ്പ് നിത്യരക്ഷയുടെ അച്ചാരമായി മാറുന്നത് തുടങ്ങിയവയാണ് ഈ കാലത്തിലെ പ്രധാന ചിന്തകൾ. സകല വിശുദ്ധരുടെ ദിവസം, മാർ തോമ്മാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം, മാർ അദ്ദായി, മിശിഹായുടെ സ്വർഗ്ഗാരോഹണം എന്നിവയാണ് ഈ കാലഘട്ടത്തിലെ പ്രധാന തിരുനാളുകൾ. ലത്തീൻ റീത്തിലെ പെസഹാക്കാലം ഇതിനോട് ചേർന്നാണ് ആചരിക്കുന്നത്.