പെരുവംമുഴിയിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽപരിശോധന; ഊത്തമീൻ പിടിക്കുവാനുപയോഗിച്ച സാമഗ്രികൾ കണ്ടുകെട്ടി








ഊത്തമീൻ ചാകര കേന്ദ്രമായ പെരുവംമുഴിയിൽ ഫീഷറീസ് വകുപ്പിന്റെ മിന്നൽ പരിശോധന.മീൻ പിടിക്കുവാൻ ഉപയോഗിച്ച സാധനസാമഗ്രികൾ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി.ബുധനാഴ്ച്ച ഉച്ചകഴിഞ്ഞാണ് കൊച്ചി ഫീഷറീസ് വകുപ്പിന്റെ 8 പേരടങ്ങുന്ന സംഘം പരിശോധനയ്ക്കെത്തിയത്. മഴക്കാലത്ത് ഗ്രാമപ്രദേശങ്ങളിൽ ആഘോഷമായി നടക്കുന്ന ഊത്തപിടിത്തമാണ് ഇതോടെ നിലച്ചത്.ട്രോളിംഗ് നിരോധന ഉത്തരവ് നിലനിൽക്കെ മീനുകളുടെ പ്രജനനത്തെ ബാധിക്കുമെന്നതിനാലാണ് ഊത്തപിടിത്തതിന് കർശന വിലക്കേർപ്പെടുത്തി വകുപ്പ് തല നടപടികൾ ആരംഭിച്ചത്. ഇരുമ്പുകൊണ്ടുള്ള വലിയ കൂടുകൾ,വലകൾ എന്നിവയാണ് പരിശോധനാ സംഘം കണ്ടുകെട്ടിയത്.ഏകദേശം ഏഴായിരത്തിലധികം രൂപ വിലവരുന്ന നാലോളം കൂടുകൾ പെരുവംമുഴി വലിയതോടിന്റെ ഭാഗത്തുനിന്നും സംഘം പടിച്ചെടുത്തു.കൂടാതെ ഇവിടെ വിരിച്ചിരുന്ന വലകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതിന്റെ ഉടമസ്ഥർ ആരാണെന്ന് വ്യക്തമല്ല.
മൺസൂൺ കാലത്ത് നാടൻ മത്സ്യങ്ങളായ വഴുത,വാള,കൂരി എന്നിവയാണ് ഈ പ്രദേശത്ത് വ്യാപകമായി വയലുകളിലും തോടുകളിലും കയറുന്നത്.ഇവ കൂട്ടത്തേടെ വലയിലും കൂട്ടിലും കുരുങ്ങുകയും അവ വില്പന നടത്തുകയും ചെയ്യുന്നതാണ് ഊത്തമീൻ ചാകര.പ്രജനന സമയത്ത് ഇവയെ കൂട്ടത്തോടെ പിടികൂടുന്നത് നാടൻ മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കുമെന്നതിനാലാണ് ഇതിന് നിരോധം ഏർപ്പെടുത്തിയിരിക്കുന്നത്.കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പെരുവംമുഴി ഊത്തവിലപ്പന പ്രസിദ്ധമാണ്. ദൂരദേശങ്ങലിൽ നിന്നും ധാരാളം ആളുകളാണ് നാടൻ മാത്സ്യം വാങ്ങുവാനെത്തുന്നത്.