

കൊച്ചി :പ്രധാന മന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസയർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നശിപ്പിച്ചതായി പരാതി. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിന് മുൻപിൽ റോഡ് നവീകരണത്തിന് തുക അനുവദിച്ചതുമായി ബന്ധപ്പെട്ട് എസ്എൻജിസി സേവ് ട്രസ്റ്റ് ഫോറം സ്ഥാപിച്ച ഫ്ലക്സാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആരോ നശിപ്പിച്ചത്.കോളേജിന് മുൻഭാഗത്തുകൂടി കടന്നുപോകുന്ന പടപ്പറമ്പ്-വലമ്പൂർ റോഡിന് പ്രധാന മന്ത്രിയുടെ ഗ്രാമീൺസഡക് യോജനാ പ്രകാരം തുക അനുവദിച്ച് പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചതാണ്. എന്നാൽ കേന്ദ്രപൊതുമരാമത്തിൽ നിന്നുള്ള നടപടികൾ മന്ദഗതിയിലായതിനാൽ ട്രസ്റ്റ് ഫോറത്തിന്റെ ഭാരവാഹികൾ ചേർന്ന് പ്രധാന മന്ത്രിയ്ക്ക് ഇ മെയിൽ വഴി നിവേദനം നൽകുകയും ചെയ്തു.ഉടൻ തന്നെ റോഡ് നിർമ്മാണം പൂർത്തിയാക്കാനുള്ള നിർദ്ദേശം വകുപ്പിന് നൽകുകയും സമയബന്ധിതമായി റോഡ് നിർമ്മിക്കാമെന്നും മറുപടി ലഭിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതം നന്ദി അറിയിച്ച് ഫ്ലക്സ് സ്ഥാപിച്ചത്.എന്നാൽ ഇത് പ്രാദേശിക ബിജെപി നേതൃത്വത്തിന് ഇഷ്ടമായില്ലെന്നും ഫ്ലക്സ് അവിടെ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.എന്നാൽ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനമറിയിച്ച ബോർഡ് നീക്കം ചെയ്യാൻ ഫോറം ഭാരവാഹികൾതയ്യാറായില്ല. നരേന്ദ്രമോദി ബിജെപിയുടെ പ്രധാന മന്ത്രിയാണെന്നും ഫ്ലക്സ് തങ്ങളോട് ആലോചിക്കാതെ വച്ചത് ശരിയായില്ലെന്നും അത് അവിടെ നിന്നും നീക്കിയില്ലെങ്കിൽ ഞങ്ങൾ നീക്കം ചെയ്യുമെന്നും പ്രദേശീക നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.സംഭവത്തിൽ സിസിടിവി അടക്കമുള്ളവ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ട്രസ്റ്റ് നേതാക്കൾ അറിയിച്ചു

