CRIME

സോഷ്യൽ മീഡിയാ തട്ടിപ്പ് വ്യാപകം മുന്നറിയിപ്പുമായി പോലീസ്

വീഡിയോയും ഫോട്ടോയും ലൈക്ക് ചെയ്ത് ദിനം പ്രതി പതിനായിരങ്ങൾ സമ്പാദിക്കാമെന്ന പരസ്യത്തിൽ വീണ് പണം പോകുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടവരുടെ പരാതികളാണ് എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. വീട്ടമ്മമാരും, വിദ്യാർത്ഥികളുമാണ് കൂടുതലായും തട്ടിപ്പിൽ പെട്ടു പോകുന്നത്. ഇത്തരം പരസ്യങ്ങളുടെ പിന്നാലെ പോയാൽ സമ്പാദ്യവും ജീവിതവും നഷ്ടമാകുമെന്ന് മുന്നറിയിപ്പു നൽകുകയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ്. ഒൺലൈനിലൂടെ പാർട്ട് ടൈം ജോലി ചെയ്ത് ദിനംപ്രതി പതിനായിരം രൂപ വരെ സമ്പാദിക്കാമെന്ന മോഹിപ്പിക്കുന്ന പരസ്യം ഒൺലൈനിലൂടെ പ്രചരിപ്പിക്കുകയാണ് തട്ടിപ്പുസംഘം ആദ്യം ചെയ്യുന്നത്. ഇതിൽ ആകൃഷ്ടരായി അവർ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി ക്ലിക്കുചെയ്യുമ്പോൾ നേരെ ടെലഗ്രാം പേജിലെത്തും. നിസാര ടാസ്ക്കിലൂടെ വമ്പൻ തുക സമ്പാദിക്കാമെന്നാണ് ഇവരുടെ വാഗ്ദാനം.

അതിന്‍റെ ഭാഗമായി ഇൻസ്റ്റയിൽ കൊടുത്തിട്ടുള്ള ചിത്രങ്ങളും, റീൽസുകളും, ലൈക്കും, ഷെയറും ചെയ്ത് അതിന്‍റെ സ്ക്രീൻ ഷോട്ടെടുത്ത് അയച്ചു കൊടുത്താൽ ഒരു നിശ്ചിത തുക’ പാർട്ട് ടൈം’ ജോലിക്കാർക്ക് തികച്ചും ഫ്രീ ആയി അയച്ചു കൊടുക്കും. ഭൂരിഭാഗം പേരും അതിൽ വീഴും. തുടർന്ന് നിങ്ങളുടെ ഫ്രീ ടൈം കഴിഞ്ഞെന്നു പറഞ്ഞ് ടാസ്ക്കിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് തട്ടിപ്പുസംഘം ജോലിക്കാരെ കൊണ്ടുപോകും. മറ്റൊരു ലിങ്ക് അയച്ചു നൽകും. അതിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാരുടെ ഒരു ഗ്രൂപ്പിലാണ് എത്തുക. അവിടെ ചെറിയ തുകകൾ മുടക്കി ലക്ഷങ്ങൾ സമ്പാദിച്ചവർ അവരുടെ അനുഭവ കഥകൾ പങ്കു വയ്ക്കും. പറയുന്നതു മുഴുവൻ തട്ടിപ്പുസംഘത്തിന്‍റെ ആളുകളാണ്. അത് മനസിലാക്കാതെ ലക്ഷങ്ങൾ സമ്പാദിക്കാൻ ചെറിയ തുകയിൽ തുടങ്ങി പതിനായിരങ്ങളും, ലക്ഷങ്ങളും വരെ മുടക്കി കൊണ്ടിരിക്കും.

സംഘം നിർമ്മിച്ച വെബ് സൈറ്റിൽ നിങ്ങൾ മുടക്കിയ തുകയും അതിലൂടെ ലഭിച്ച ലാഭവും കാണാൻ കഴിയും. വിശ്വാസ്യത ഉറപ്പുവരുത്താൻ ലാഭവിഹിതമെന്നു പറഞ്ഞ് ചെറിയ തുകകൾ അക്കൗണ്ടിലേക്ക് അയച്ചും തരും. അപ്പോൾ ടാസ്ക്ക് വഴി കൂടുതൽ ലാഭമുണ്ടാക്കാൻ വലിയ തുകകൾ നിക്ഷേപിക്കും. ഒടുവിൽ മുതലും ലാഭവും കൂടി വൻ സംഖ്യ ആയി കഴിയുമ്പോൾ തുക തിരിച്ചെടുക്കാൻ ശ്രമിക്കും. അതിന് കഴിയാതെ വരുമ്പോഴാണ് തട്ടിപ്പായിരുന്നുവെന്നും, പണം പോയിയെന്നും മനസിലാകുന്നത്. പിന്നീട് ഈ സംഘത്തെക്കുറിച്ച് ഒരു വിവരവുമുണ്ടാകില്ല. കുറച്ച് കഴിഞ്ഞ് പുതിയ പേരിൽ, പുതിയ തട്ടിപ്പുമായി സംഘം വീണ്ടും പ്രത്യക്ഷപ്പെടും. ഒൺലൈനിലൂടെ പാർട്ട് ടൈം ജോലിയെന്ന പരസ്യത്തിൽ ആകൃഷ്ടരായി പണം നഷ്ടപെടുത്തരുതെന്നും, ഇതു പോലുള്ള പരസ്യങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ മുന്നറിയിപ്പു നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button