എംഡിഎംഎ കടത്തിയ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും, ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി




കാറിൽ എം ഡി എം എ കടത്തിയ കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും, ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഉളിയന്നൂർ കാട്ടുകണ്ടത്തിൽ വീട്ടിൽ ആസിഫ് (24), വെങ്ങോല പൈനടി വീട്ടിൽ ജസിൽ (26), വെങ്ങോല കണ്ടന്തറ ഭാഗത്ത് വേലൻകുടി വീട്ടിൽ സഫർ (26), ആലുവ മഹിളാലയം പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കൈപ്പുരിക്കര മുണ്ടയ്ക്കൽ വീട്ടിൽ ഹാഷിം (24) എന്നിവർക്കെതിരെ നോർത്ത് പറവൂർ അഡീഷണൽ സെഷൻസ് കോടതി – ഒന്ന് ജഡ്ജ് മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കഠിന തടവ് കൂടി പ്രതികൾ അനുഭവിക്കേണ്ടതുണ്ട്.
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശ്ശേരി കരിയാട് ജംഗ്ഷനു സമീപം രാവിലെ കാറിൽ കടത്തുകയായിരുന്ന 158 ഗ്രാം എം ഡി എം എ, 4.6 ഗ്രാം എം.ഡി.എം എ ഗുളികകൾ എന്നിവ നെടുമ്പാശ്ശേരി പോലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ പി.എം. ബൈജുവിന്‍റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ശ്രീറാം ഭരതൻ ഹാജരായി.

