

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരക്ക് കാരണം പമ്പയിൽ നിന്ന് തീർഥാടകരെ കടത്തിവിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ ഭക്തർ സന്നിധാനത്തേക്ക് എത്തുന്നത് അപകടങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നത് കൊണ്ടാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പമ്പ ഗണപതി കോവിൽ സമീപം ഭക്തരെ തടഞ്ഞിരിക്കുകയാണ്. ഇപ്പോൾ തന്നെ സന്നിധാനത്ത് ഏകദേശം ഒന്നര ലക്ഷത്തിലധികം തീർത്ഥാടകരുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.


നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് തന്നെ പമ്പയിൽ നിന്നും കടന്നു പോയിട്ടുള്ള ഭക്തർ അടക്കം മകരവിളക്ക് ദർശന സമയത്ത് സന്നിധാനത്ത് ഏകദേശം ഒന്നേമുക്കാൽ ലക്ഷത്തോളം ആളുകൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ദർശനം കഴിഞ്ഞ് മടങ്ങുന്ന മുറയ്ക്ക് മാത്രമേ പമ്പയിൽ തടഞ്ഞു വച്ചിരിക്കുന്ന ഭക്തരെ കടത്തിവിടുകയുള്ളൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.