

പറവൂർ : മയക്കുമരുന്ന് കടത്തിയ കേസിലെ രണ്ടു പ്രതികൾക്ക് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പറവൂർ അഡീഷണൽ സെഷൻസ് കോടതി 1 ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.കോതമംഗലം തങ്കളം ജവഹർ കോളനിയിൽ കാരോട്ട് പുത്തൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് മുനീർ (27), മാറമ്പിള്ളി പള്ളിപ്പുറം പത്തനാത്ത് വീട്ടിൽ അർഷാദ് (35), എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.


30.200 കിലോഗ്രാം കഞ്ചാവ് കൊറിയർ സർവീസ് മുഖേന ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, കാക്കിനട എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് കടത്തി എന്നതാണ് കേസ്. കരുമാലൂർ അക്വാ സിറ്റിയിലെ ഫ്ലാറ്റിലും ആലുവയിലെ സ്വകാര്യ ഹോട്ടലിലും താമസിച്ചാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്.പെരുമ്പാവൂർ കുന്നുവഴിയിലെ കൊറിയർ സർവീസിനു മുന്നിൽ അന്തർ സംസ്ഥാന കഞ്ചാവ് സംഘം നിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 2021 ഒക്ടോബറിൽ പ്രതികൾ പിടിയിലായത്.