വീട്ടിൽ അനധികൃത പാചക വാതകശേഖരം: രണ്ട് പേർ അറസ്റ്റിൽ
ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൂട്ടിയിട്ടിരുന്നത്






ആലുവ കുന്നത്തേരിയിലെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ അനധികൃത പാചക വാതകശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂർണ്ണിക്കര കുന്നത്തേരി വെള്ളാഞ്ഞി വീട്ടിൽ ഷമീർ (44) ഇയാളുടെ സഹായി ബീഹാർ മിസാപ്പൂർ സ്വദേശി രാമാനന്ദ് (48) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 192 ഗാർഹിക വാണിജ്യ സിലിണ്ടറുകൾ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിറച്ച സിലിണ്ടറുകൾ പിടികൂടിയത്.


വൻ വിലക്ക് ഹോട്ടലുകൾക്കും , വീടുകൾക്കും ഗ്യാസ് വിൽപ്പന നടത്തിക്കൊണ്ടിരിക്കുയാണ് ഇയാൾ. കുറേക്കാലമായി വിപണനം ആരംഭിച്ചിട്ട്. രഹസ്യമായാണ് വീടുകളിലേയ്ക്കും കടകളിലേക്കും ഗ്യാസ് എത്തിച്ചു കൊണ്ടിരുന്നത്. പോലീസ് പരിശോധനയ്ക്ക് ചെല്ലുമ്പോൾ വീട് നിറയെ ഗ്യാസ് സിലിണ്ടറുകളായിരുന്നു. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൂട്ടിയിട്ടിരുന്നത്.
ത്രാസ്, സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനം മോട്ടോർ, മറ്റ് ഉപകരണങ്ങൾ എന്നിവ വീട്ടിൽ നിന്ന് കണ്ടെടുത്തു. ആലുവ ഡി.വൈ.എസ്.പി എ.പ്രസാദ് ന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, എസ്.ഐ പി.റ്റി.ലിജിമോൾ എ.എസ്.ഐമാരായ ബി.സുരേഷ് കുമാർ, കെ.പി.ഷാജി, സി.പി.ഒ മാരായ എസ്.സുബ്രഹ്മണ്യൻ, കെ.ആര്‍.രാജേഷ്, വി,എ,അഫ്സൽ എന്നിവരാണ് ഉണ്ടായിരുന്നത്.

