KERALA

മൂന്നാം തവണയും 15കാരനൊപ്പം നാടുവിട്ട 14കാരിയെ തമിഴ്നാട്ടില്‍ കണ്ടെത്തി

തൊടുപുഴ: മൂന്നാം തവണയും 15കാരനൊപ്പം നാടുവിട്ട മൂലമറ്റം സ്വദേശിനിയായ 14കാരിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി.

പോണ്ടിച്ചേരിയ്ക്ക് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയെയും കൗമാരക്കാരനെയും പൊലീസ് കണ്ടെത്തിയത്. മൂന്നാം തവണയാണ് പെണ്‍കുട്ടി വീട് വിട്ട് ഇതേ ആണ്‍കുട്ടിക്കൊപ്പം പോകുന്നത്.

ബാലികയെ സംരക്ഷിക്കാനുള്ള രക്ഷിതാക്കളുടെ നിസഹായവസ്ഥ മനസിലാക്കി കുട്ടിയെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലയച്ച്‌ കൗണ്‍സിലിംഗിന് വിധേയമാക്കണമെന്ന കാഞ്ഞാര്‍ പൊലീസിന്റെ അപേക്ഷ കോടതി നിരസിച്ചു. ഈ ആവശ്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്ബാകെ സമര്‍പ്പിച്ച്‌ പരിഹാരം തേടണമെന്നാണ് അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. പൊലീസിന്റെ ആവശ്യപ്രകാരം വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ഇതിനായി നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ഓഫീസറും കോടതിയും വ്യക്തമാക്കി. ഇക്കാര്യവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നിര്‍ദ്ദേശിച്ച കോടതി മൂന്നാം തവണയും പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.

പെണ്‍കുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന 15കാരനെ നേരത്തെ തന്നെ പൊലീസ് മൂവാറ്റുപുഴയിലുള്ള അമ്മയെ വിളിച്ചു വരുത്തി ഇവര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ആദ്യം ആയവനയില്‍ ആയിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നിന്ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കല്ലൂര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടി മൂവാറ്റുപുഴ സ്വദേശിയായ 15കാരനുമൊത്ത് നാടുവിട്ടതാണെന്ന് കണ്ടെത്തി തിരികെയെത്തിച്ചിരുന്നു. പിന്നീട് മൂലമറ്റത്ത് ഇവര്‍ താമസത്തിനെത്തിയ ശേഷം രണ്ടാം തവണയാണ് പെണ്‍കുട്ടി വീട് വിട്ടു പോകുന്നത്. രണ്ട് തവണയും 15കാരനൊപ്പമായിരുന്നു പോയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button