ട്വന്റി20 സമ്മേളനത്തിന് സംരക്ഷണം നൽകുവാൻ ഉത്തരവിട്ട് ഹൈക്കോടതി






ട്വന്റി20 കോലഞ്ചേരിയിൽ സംഘടിപ്പിച്ചിരിക്കുന്ന പൂത്തൃക്ക പഞ്ചായത്തിന്റെ മഹാസമ്മേളനത്തിന് സംരക്ഷണം നൽകാൻ പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി.ജനുവരി 21 ന് നടക്കുന്ന സമ്മളനത്തിന്റെ സുഗമമായ നടത്തിപ്പിന് പോലീസ് നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റീസ് രാജാവിജയരാഘവൻ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
ട്വന്റി20യുടെ സമ്മേളനവേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിനുള്ളിൽ പുറമ്പോക്ക് ഭൂമിയുണ്ടെന്നും സമ്മേളനത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുവാൻ റവന്യു വകുപ്പിന്റെ അനുമതി വാങ്ങണമെന്നും ആവശ്യപ്പെട്ട് പുത്തൻകുരിശ് ഡിവൈഎസ്പി ടി ബി വിജയൻ സംഘാടകർക്ക് രേഖാമൂലം നോട്ടീസ് നൽകിയിരുന്നു.
ഇതുപ്രകാരം സമ്മേളനത്തിനായി സ്ഥാപിച്ചിരുന്ന വേദി പൊളിച്ച് ഗ്രൗണ്ടിന്റെ മറ്റൊരുമൂലയിലേയ്ക്ക് മാററുകയും ചെയ്തു.പോലീസ് നൽകിയ നോട്ടിസിന്റെ അടിസ്ഥാനത്തിൽ ട്വന്റി20 ഹൈക്കോടതിയെ സമീപിക്കുകയും സമ്മേളനത്തിന് അനുമതി നൽകണമെന്നും അവശ്യപ്പെട്ട് ഹർജി നൽകുകയും ചെയ്തു.സമ്മേളനം നേരത്തെ നിശ്ചയിച്ചതിൻ പ്രകാരം സമയബന്ധിതമായി നടത്തുവാനാണ് റൂറൽ എസ്പിയ്ക്കും, പുത്തൻകുരിശ് ഡിവൈഎസ്പിയ്ക്കും,സർക്കിൾ ഇൻസ്പെക്ടർക്കും നിർദ്ദേശം നൽകിയിട്ടുള്ളത്.
കുന്നത്തുനാട്ടിൽ ട്വന്റി20യെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞുവെന്നും ഇതിന്റെ പ്രതിഫലനമായി പഞ്ചായത്തുകൾതോറും വലിയമുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, രാഷ്ട്രീയപാർട്ടികളിൽ ഉടലെടുത്ത ആശങ്കയാണ് ഇത്തരം നടപടികൾക്കുപിന്നിലെന്നും ട്വന്റി20 ഭരണനേതൃത്വം പറഞ്ഞു.നിലവിൽ നാല് പഞ്ചായത്തുകളിൽ ട്വന്റി20 വലിയ ഭൂരിപക്ഷത്തോടെയാണ് ഭരണം നടത്തുന്നത്.

