

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും രോഗികളിൽ നിന്നും കവരുന്നത് പതിവാകുന്നു. സുരക്ഷാസംവിധാനങ്ങളെ എല്ലാം അതിജീവിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള കവർച്ചകൾ നടക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണെന്ന വ്യാജേനയാണ് രോഗികളിൽ നിന്നും തട്ടിപ്പുകാർ വിവിധ പരിശോധനകൾക്കുള്ള പണവും മരുന്നിനുള്ള ചീട്ടും കവരുന്നത്. മരുന്നുമായി ആളുകൾ തിരികെ എത്താതെ വരുന്ന സന്ദർഭത്തിലാണ് രോഗികൾ തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നത്. ഇത് പണം നഷ്ടപ്പെടുന്നതിനു പുറമേ രോഗികളുടെ ചികിത്സ വൈകാനും കാരണമാകുന്നു.


കഴിഞ്ഞ വെള്ളിയാഴ്ച കുറ്റിക്കാട്ടൂർ സ്വദേശിക്കും സമാനമായ അനുഭവമുണ്ടായി. രോഗിയുടെ കൂട്ടരുപ്പുകാരൻ എന്ന പേരിൽ പരിചയപ്പെട്ട യുവാവ് സി.റ്റി സ്കാനിന്റെ ബില്ലടയ്ക്കാൻ സഹായിക്കാമെന്ന് പറഞ്ഞു റിക്വസ്റ്റ് ഫോമും പണവുമായി കടന്നു കളഞ്ഞു. തന്റെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നു പറഞ്ഞാണ് യുവാവ് തങ്ങളുമായി പരിചയപ്പെട്ടതെന്ന് തട്ടിപ്പിനിരയായ ആൾ പറയുന്നു. ഏറെനേരം കാത്തിരുന്നിട്ടും ഇയാൾ തിരകെയെത്താതെ വന്നതോടെയാണ് ഇയാൾക്ക് സംശയം തോന്നിയതും താൻ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വീണ്ടും ഡോക്ടറെ കണ്ട് റിക്വസ്റ്റ് ഫോം എഴുതിപ്പിച്ച ശേഷമാണ് സിറ്റി സ്കാൻ എടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുപോലെ രോഗികളുടെ മരുന്ന് ചീട്ട്, റിക്വസ്റ്റ് ഫോം എന്നിവയുമായി തട്ടിപ്പുകാർ മുങ്ങുന്നത് രോഗികളുടെ ജീവിതം തന്നെ അപകടത്തിലാക്കും. ഇത്തരം സന്ദർഭങ്ങളിൽ സുരക്ഷാ ജീവനക്കാരോട് പരാതി പറഞ്ഞാലും അവരത് കണക്കിലെടുക്കാറില്ല എന്നാണ് പൊതുവേയുള്ള ആക്ഷേപം. രോഗികളുടെ കൂട്ടരിപ്പുകാർ മരുന്നിനോ മറ്റ് ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനോ പുറത്തു പോകുന്നതും തിരിച്ചു കയറുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ഈ ജീവനക്കാർ എന്തുകൊണ്ടാണ് ആശുപത്രിക്ക് അകത്ത് കയറി കൂടന്ന ഇത്തരത്തിലുള്ള തട്ടിപ്പുകാരെ അറിയാതെ പോകുന്നത് എന്നാണ് രോഗികളുടെ കൂട്ടിരുപ്പുക്കാർ ചോദിക്കുന്നത്.


കഴിഞ്ഞ രണ്ടുദിവസം മുമ്പ് അത്യാഹിത വിഭാഗത്തിൽ നിന്നും മെഡിക്കൽ പീ. ജി വിദ്യാർത്ഥിയുടെ ഫോണും നഷ്ടപ്പെട്ടിരുന്നു. പരിശോധന കൗണ്ടറിൽ ചാർജ് ചെയ്യാൻ വെച്ച ഫോൺ കാണാതാവുകയായിരുന്നു. ഈ സംഭവം സിസിടിവി പരിശോധിച്ചു കണ്ടെത്താനും അധികൃതരുടെ ഭാഗത്തുനിന്നും ഇതു വരെ നടപടി ഉണ്ടായിട്ടില്ല. സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം പൂർണമായി സിസിടിവി നിരീക്ഷണത്തിലാണ് എന്നാണ് പറയുന്നത്. എന്നിട്ട് കൂടി തട്ടിപ്പുകാരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആശുപത്രിയുടെ എല്ലാ ഇടങ്ങളും സിസിടിവിയുടെ പരിധിയിൽ വരുന്നില്ല എന്നും പൊതുവേ ആക്ഷേപമുണ്ട്.
പലപ്പോഴും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സെക്യൂരിറ്റി സൂപ്പർവൈസറിന്റെ അനുമതി തേടണം എന്ന് സുരക്ഷാ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവർ ആ പരാതികൾ അവഗണിക്കുകയാണു ണ്ടായിട്ടുള്ളത് എന്നും പരാതിയുണ്ട്.