KERALA

മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി.ടി ബേബി അന്തരിച്ചു

സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് നീറാംമുകള്‍ സെയ്ന്റ് പീറ്റേഴ്‌സ് ആന്റ് സെയ്ന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍

കൊച്ചി: മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി.ടി.ബേബി (50)അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് 4.40നായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ ഏഴക്കരനാട് പുളിക്കല്‍ വീട്ടില്‍ പരേതരായ തോമസിന്റെ റാഹേലിന്റെയും മകനാണ്. ഭാര്യ: പരേതയായ സിനി. മക്കള്‍: ഷാരോണ്‍, ഷിമോണ്‍. സഹോദരങ്ങള്‍: പരേതനായ പി.ടി.ചാക്കോ, ഏലിയാമ്മ, സാറായി, പി.ടി.ജോണി, പരേതയായ അമ്മിണി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് നീറാംമുകള്‍ സെയ്ന്റ് പീറ്റേഴ്‌സ് ആന്റ് സെയ്ന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.

1996ല്‍ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ ജേണലിസ്റ്റ് ട്രെയിനായി ചേര്‍ന്ന ബേബി പിന്നീട് കോഴിക്കോട് സെന്‍ട്രല്‍ ഡസ്‌കില്‍ സബ് എഡിറ്ററായി. അതിനിടെയാണ് സ്‌പോര്‍ട്‌സ് ഡസ്‌കിനൊപ്പം ചേര്‍ന്നത്. പിന്നീട് ദീര്‍ഘകാലം മാതൃഭൂമിയുടെ സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ പ്രധാന ചുമതലക്കാരിലൊരാളായി. ഇതിനിടെ വിവിധ ദേശീയ അന്താരാഷ്ട്ര മത്സങ്ങള്‍ മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തു. ഒളിമ്പിക്‌സ്, ലോകകപ്പ് ഫുട്‌ബോള്‍, ലോകകപ്പ് ക്രിക്കറ്റ് എന്നീ മൂന്ന് കായിക മഹാമേളകള്‍ റിപ്പോര്‍ട്ട് ചെയ്ത കായികപത്രപ്രവര്‍ത്തകനെന്ന അപൂര്‍വ ബഹുമതിക്കുടമയാണ്. 2011ല്‍ ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമായി നടന്ന ക്രിക്കറ്റ് ലോകകപ്പ്, 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ്, 2018ല്‍ റഷ്യ വേദിയായ ലോകകപ്പ് ഫുട്‌ബോള്‍ എന്നിവയാണ് ബേബി റിപ്പോര്‍ട്ട് ചെയ്തത്. ഇതുകൂടാതെ ഐ.പി.എല്‍, സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ്, ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ തുടങ്ങി ഒട്ടേറെ കായികമേളകളുടെ ആവേശം മാതൃഭൂമിയുടെ വായനക്കാരിലെത്തിച്ചു.

കൊച്ചിയില്‍ സീനിയര്‍ സബ് എഡിറ്ററായും ചീഫ് സബ് എഡിറ്ററായും ചീഫ് റിപ്പോര്‍ട്ടറായും ആലപ്പുഴയില്‍ ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ച ശേഷം 2018ല്‍ ആണ് കോഴിക്കോട് സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്ററായി ചുമതലയേറ്റു. റിപ്പോര്‍ട്ടിങ്ങിനൊപ്പം പത്രരൂപകല്‍പനയിലും മികവുകാട്ടിയ ബേബിയാണ് വായനക്കാരുടെ പ്രശംസനേടിയ മാതൃഭൂമിയുടെ പല പ്രത്യേക പേജുകളും ഒരുക്കിയത്. അര്‍ജന്റീന ലോകകപ്പ് നേടിയപ്പോള്‍ മെസി മുത്തം എന്ന തലക്കെട്ടോടെ ബേബി രൂപകല്‍പന ചെയ്ത മാതൃഭൂമിയുടെ ഒന്നാം പേജ് ന്യൂസ് പേപ്പര്‍ ഡിസൈന്‍ വെബ്‌സൈറ്റിന്റെ അന്താരാഷ്ട്ര ന്യൂസ് പേപ്പര്‍ ഡിസൈന്‍ മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി. ഈ പുരസ്‌കാരത്തില്‍ വെങ്കലവും ബേബി രൂപകല്‍പന ചെയ്ത പേജിനായിരുന്നു. പെലെ അന്തരിച്ചപ്പോഴുള്ള കെടാവിളക്ക് എന്ന പേജിനായിരുന്നു ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button