44 പേരെ നല്ല നടപ്പിന് വിധിച്ച് റൂറൽ പോലീസ്.കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി




കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റൂറൽ ജില്ലയിൽ 44 പേരെ ഒരു വർഷത്തേക്ക് നല്ല നടപ്പിന് വിധിച്ച് ബോണ്ട് വയ്പിച്ചു. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് കൊച്ചി സബ്ഡിവിഷണൽ മജിസ്ട്രേറ്റ് പി.വിഷ്ണുരാജാണ് ഒറ്റ ദിവസം കൊണ്ട് 44 പേരെ നല്ല നടപ്പിന് വിധേയമാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
കാലടിയിലാണ് ഏറ്റവും കൂടതൽ പേരുള്ളത് 25. മുനമ്പം 9, ഞാറയ്ക്കൽ 6, വടക്കേക്കര 3, നെടുമ്പാശേരി 1 എന്നിങ്ങനെയാണ് നല്ല നടപ്പിന് വിധേയമാക്കിയവരുടെ എണ്ണം. ഓരോ സ്റ്റേഷൻ പരിധിയിലും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ സ്വഭാവവും കുറ്റകൃത്യങ്ങളുടെ എണ്ണവും പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നത്. നല്ല നടപ്പുകാലത്ത് യാതൊരുവിധ കുറ്റകൃത്യങ്ങളിലും ഏർപ്പെടാൻ പാടില്ല. വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും.
നല്ല നടപ്പുകാലം ഇവർ പോലീസ് നിരീക്ഷണത്തിലായിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് പോലീസ്



