കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മുറിയിലെ മോഷണം പ്രതി പിടിയിൽ
ബാഗിൽ പണം, സ്വർണ്ണക്കൊലുസ്, തിരിച്ചറിയൽ രേഖകൾ എന്നിവയാണുണ്ടായിരുന്നത്




ഇരുപത്തിയഞ്ചിലേറെ മോഷണമയക്കുമരുന്ന് കേസുകളിലെ പ്രതി പോലീസ് പിടിയിൽ. മട്ടാഞ്ചേരി ചിറപ്പുറം ഈരവേലി സുൾഫിക്കർ (25) നെയാണ് പുത്തൻകുരിശ് പോലീസ് പിടികൂടിയത്.
കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൺസൽട്ടിംഗ് മുറിയിൽ കയറി ബാഗ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബാഗിൽ പണം, സ്വർണ്ണക്കൊലുസ്, തിരിച്ചറിയൽ രേഖകൾ എന്നിവയാണുണ്ടായിരുന്നത്.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മട്ടാഞ്ചേരിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. മട്ടാഞ്ചേരിയിൽ നിന്ന് ബിഗ് ഷോപ്പറുമായി ഏതെങ്കിലും ആശുപത്രി പരിസരത്ത് വന്നിറങ്ങുന്ന മോഷ്ടാവ് രാത്രിയാകുന്നതോടെ ആശുപത്രിക്കുള്ളിൽ കയറി കറങ്ങി നടക്കുകയും വിലപിടിച്ച വസ്തുക്കൾ മോഷ്ടിച്ച് പുലർച്ചെ ബസിൽ കടന്നു കളയുകയുമാണ് ചെയ്യുന്നത്.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐമാരായ പി.കെ.സുരേഷ്, കെ.സജീവ് എ.എസ്.ഐമാരായ മനോജ് കുമാർ, സുജിത്ത് എസ്.സി.പി.ഒ മാരായ ബി.ചന്ദ്രബോസ്, ദിനിൽ ദാമോധരൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

