ഒഴുകുവാൻ അനുവദിക്കൂ


കൊടിയവേനലിൽ വരണ്ടുണങ്ങിയ ഉൾനാടൻപ്രദേശങ്ങളിൽ ജലമെത്തിക്കുന്നതിന് കുന്നത്തുനാട് മേഖല ഏറെ ആശ്രയിക്കുന്നത് പെരിയാർവാലിയുടെ ജലസേചനപദ്ധതികളാണ്.ഹൈലെവൽ മുതൽ ചെറിയ കനാലുകളിലൂടെ ഒഴുകിയെത്തുന്ന ജീവജലം നാടിന്റെ കൈവഴികളിലൂടെ ഒഴുകി ഭൂമിയെ ഇറനണിയിക്കും.എന്നാൽ നമ്മുടെ അശ്രദ്ധമൂലം ഇതിനെല്ലാം വിലങ്ങുതടിയായി മാറുന്ന ഒരു സംഭവമുണ്ട്.നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിയുന്നതുമൂലം ഉണ്ടാകുന്ന പ്രയാസം ഇങ്ങനെയുള്ള ജലവാഹിനികളെയാണ് ഏറെയും ബാധിക്കുന്നത്.


ഓരോ ഘട്ടങ്ങളിലും വെള്ളം ആദ്യമായി ഒഴുകിയെത്തുമ്പോൾ പെരിയാർവാലി കനാലുകളിൽ മാലിന്യകൂമ്പാരങ്ങളാണ് നവെല്ലുവിളിയാകുന്നത്.പലയിടത്തും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു നിർത്തുന്ന തരത്തിൽ മാലിന്യങ്ങൾ കൂടികിടക്കും.പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ ബാധിക്കുന്ന മാരകമായ മാലിന്യങ്ങളാകും പലയിടത്തും കൂടിക്കിടക്കുന്നത്.
മരങ്ങൾ വെട്ടിയതിന്റെ കൂറ്റൻ തടി വെയ്സ്റ്റ് മുതൽ ഉപയോഗിച്ച ശേഷം കൂടിൽ കെട്ടി ഉപേക്ഷിച്ച പാമ്പറുകൾ, മദ്യകുപ്പികൾ, പ്ലാസ്റ്റിക്ക് കുപ്പികൾ,തെങ്ങിന്റെ ഓലകൾ, തേങ്ങ പൊതിച്ച തൊണ്ട്, ഉപയോഗ ശൂന്യമായ ബൾബുകൾ തുടങ്ങി ഒരു നൂറ് മാലിന്യങ്ങളാണ് കനാലിലേക്ക് തള്ളുന്നത്.
മാലിന്യ കൂമ്പാരം കാരണം രണ്ടാ മൂന്നോ ദിവസം കൊണ്ട് വെള്ളം ഒഴുകിയെത്തേണ്ടത് ഇല്ലാതാക്കുന്ന അവസ്ഥയാണ്. പലപ്പോഴും കനാൽ വാച്ചറിനും, കനാൽ വെള്ളം ആവശ്യമുള്ള പ്രദേശവാസികൾക്കും ഇത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന ഇത്തരത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് തികച്ചും അപകടം നിറഞ്ഞതുമാണ്. മാത്രമല്ല മറ്റൊരിടത്തെ മാലിന്യം ഒഴുകിയത്തുന്ന പ്രദേശത്തെ വീണ്ടും മലീമസമാക്കും.


മാലിന്യം കനാലിൽ നിക്ഷേപിക്കുന്നതിനെതിരെ പൊതുബോധം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.തീർച്ചയായും ഇതിന് പരിഹാരം കാണേണ്ടത് തന്നെയാണെന്നും പരിസ്ഥിതി പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.