പൊതുസ്ഥലം കൈയ്യേറി നിർമ്മാണം- സ്വകാര്യ കമ്പനിക്കെതിരെ പ്രതിഷേധം
നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് നാട്ടുകാർ


പൂതൃക്ക പഞ്ചായത്തിലെ പുതുപ്പനം-കക്കാട്ടുപാറ റോഡിൽ പൊതുസ്ഥലം കൈയ്യേറി സ്വകാര്യ കമ്പനിയുടെ പേരിൽ നിർമ്മാണം നടത്തുന്നതായി പരാതി.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പിനയാണ് വില്ലാ പ്രോജക്ടിന്റെ പേരിൽ 400 മീറ്ററോളം റോഡിലേയ്ക്ക് ഇറങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി ഉയരുന്നത്.യാത്രാസ്വാതന്ത്ര്യം വിലക്കിയുള്ള കൈയ്യേറ്റ നിർമ്മാണം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ രംഗത്ത് വന്നിരിക്കുന്നത്.അപകട സാധ്യത ഉണ്ടാക്കുന്ന തരത്തിൽ റോഡിൽനിന്ന് പാലിക്കേണ്ട ദൂരപരിധി ലംഘിച്ചുകൊണ്ടാണ് ഇവിടെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്.വലിയ വാഹനങ്ങൾ എതിരെ വന്നാൽ പോലും മറികടന്ന് പോകുവാനുള്ള വീതിപോലും ഇല്ലാതാക്കുന്ന തരത്തിലാണ് നിർമ്മാണം നടക്കുന്നത്.റോഡിന്റെ ഒരു വശം പെരിയാർവാലി ഹൈലെവൽ കനാൽ കടന്നുപോകുന്ന ഭാഗമായതിനാൽ വളരെ ഇടുങ്ങിയ റോഡാണിത്.


22 അടിയോളം ഉയരത്തിലാണ് കോൺഗ്രീറ്റ് നിർമ്മിതമായ മതിൽഇപ്പോൾ പണിതുകൊണ്ടിരിക്കുന്നത്. കൊച്ചി-ധനുഷ്കോടി ഹൈവേയിൽ നിന്നും രാമമംഗലം-കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിലേക്ക് വാഹന യാത്രക്കാർ പോകുന്ന തിരക്കേറിയ ലിങ്ക് റോഡാണിത്.പ്രതിഷേധം ശ്കതമാക്കുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ രൂപീകരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. അതേസമയം പഞ്ചായത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ വൈകാതെ തീർപ്പുണ്ടാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.