ഗുരുവായൂരിൽ ഉത്സവത്തിന് കൊടിയേറി; ഉത്സവത്തിന്റെ ആകെ ചെലവ് 3.22 കോടി
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പത്തു ദിവസത്തെ ഉത്സവത്തിന് വെള്ളിയാഴ്ച രാത്രി കൊടിയേറി


ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പത്തു ദിവസത്തെ ഉത്സവത്തിന് വെള്ളിയാഴ്ച രാത്രി കൊടിയേറി. എട്ടരയ്ക്ക് കൊടിയേറ്റച്ചടങ്ങ് തുടങ്ങി. സ്വർണക്കൊടിമരത്തിനു കീഴെ സപ്തവർണക്കൊടിക്ക് പൂജനടത്തി ശ്രീലകത്തു കൊണ്ടുപോയി ദേവചൈതന്യം കൊടിയിലേക്ക് പകർന്നശേഷമായിരുന്നു കൊടിയേറ്റ്.
മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വർണധ്വജത്തിൽ ശംഖധ്വനിക്കിടയിൽ കൊടി ഉയർത്തി. തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരും കൂടെയുണ്ടായിരുന്നു. ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട് ആചാര്യവരണം നിർവഹിച്ചു.


ഗുരുവായൂർ ഉത്സവത്തിന്റെ ആകെ ചെലവ് 3,22,33,000 രൂപ. ഇതിൽ 2.31 കോടി രൂപ ഉത്സവസദ്യയ്ക്കും അന്നദാനത്തിനും ആണെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ. ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ അറിയിച്ചു.
ഭക്തർക്ക് രാവിലെ കഞ്ഞിയും മുതിരപ്പുഴുക്കും രാത്രി ചോറും രസകാളനും വിഭവങ്ങളും വിളമ്പും. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കെല്ലാം 2 നേരം പകർച്ചയുമുണ്ട്. കഞ്ഞിക്ക് 42,000 കിലോ അരി, ചോറിന് 50,000 കിലോ. പുഴുക്കിന് 25,000 കിലോ മുതിരയും 22,000 കിലോ ഇടിച്ചക്കയും എന്നാണ് കണക്ക്.
വിഭവങ്ങൾ തയാറാക്കാൻ കല്ലുപ്പ് 3000 കിലോയും പൊടിയുപ്പ് 600 കിലോയും ഉപയോഗിക്കും. 10 ടൺ പപ്പടം കാച്ചിയെടുക്കാൻ മാത്രം 9 ടൺ വെളിച്ചെണ്ണ വേണം. കഞ്ഞി കുടിക്കാൻ രണ്ടര ലക്ഷം പാള പ്ലേറ്റും പച്ചപ്ലാവില കുത്തിയതുമാണ് വേണ്ടത്.
20,000 കിലോ മത്തൻ അടക്കം 40,000 കിലോയോളം പച്ചക്കറികളാണ് കഞ്ഞി, പുഴുക്ക്, സദ്യ, പകർച്ച എന്നിവയ്ക്കായി ഉപയോഗിക്കുന്നത്


വൈകീട്ട് മൂന്നിന് നടന്ന ആനയോട്ടത്തിൽ ഗോകുൽ ഒന്നാമനായി. ഓട്ടമാരംഭിച്ച മഞ്ജുളാൽ മുതൽ മുന്നിൽക്കുതിച്ച ചെന്താമരാക്ഷനെയും കണ്ണനെയും പിന്നിലാക്കിയാണ് ഗോകുൽ ആദ്യം ഓടിയെത്തിയത്. പിടിയാന ദേവിയും കൊമ്പൻ രവികൃഷ്ണയും നാലും അഞ്ചും സ്ഥാനത്തെത്തി. ആനയോട്ടത്തിൽ 19 ആനകൾ പങ്കെടുത്തു