പുതിയ ടണൽ നിർമ്മിച്ച്മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കണം. മുവാറ്റുപുഴ നാസ് പ്രവർത്തകർ നടത്തിയ പ്രചാരണ ജാഥക്ക് കോലഞ്ചേരിയിൽ സ്വീകരണം.




നിലവിലെ ഡാമിൻ്റെ 50 അടി ഉയരത്തിൽ, പുതിയ ടണൽ നിർമ്മിച്ച്, മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട്, മുവാറ്റുപുഴ നാസിൻ്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രചാരണ ജാഥയ്ക്ക്, നവദർശൻവേദി പ്രവർത്തകർ കോലഞ്ചേരിയിൽ സ്വീകരണം നൽകി. നവദർശൻ വേദി ചെയർമാൻ ടി.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ ഡോ. വിൻസെൻ്റ് മാളിയേക്കൽ,പായിപ്ര കൃഷ്ണൻ , കെ.കെ. ഉദയകുമാർ കെ എം.ശിവദാസ് , എ.റ്റി. മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
ഡാമുകൾക്ക് ശരാശരി 60-70 വർഷമാണ് ആയുസ് എന്നിരിക്കേ, 130 വർഷം പഴക്കമുള്ളതും അന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് പണിതതുമായ മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്ന് കരുതാനാവില്ല. ഐ.ഐ.ടികളുടേതുൾപ്പെടെ പല പഠനങ്ങളും ഡാമിൻ്റെ സുരക്ഷയിൽ സംശയം പറഞ്ഞിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരള സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം നടപ്പാകാനുള്ള സാദ്ധ്യത തീർത്തും കുറവാണ്. കാരണം സുപ്രീം കോടതി വിധിപ്രകാരം തമിഴ്നാടിൻ്റെ കൂടി സമ്മതം വാങ്ങി വേണം പുതിയ ഡാം പണിയുവാൻ. പഴയ കരാർ റദ്ദായേക്കുമോ എന്ന ഭയത്തിൽ തമിഴ്നാട് അതിന് സമ്മതിക്കുകയില്ല. ഇനി തമിഴ്നാട് സമ്മതിച്ച് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിച്ചാലും അരനൂറ്റാണ്ട് കഴിയുമ്പോൾ, ആ ഡാം കേരളത്തിന് ഇപ്പോഴത്തേതിലും വലിയ ഭീഷണിയായി മാറും.
മുല്ലപ്പെരിയാറിൽ ഇപ്പോൾ ചെയ്യാവുന്ന, പ്രായോഗികവും ഇരു സംസ്ഥാനങ്ങൾക്കും ഗുണകരവുമായ കാര്യം 2014 -ലെ സുപ്രീം കോടതി വിധിയിൽ രണ്ടാം പരിഹാരമാർഗ്ഗമായി നിർദ്ദേശിച്ച, നിലവിലെ ഡാമിൻ്റെ 50 അടി ഉയരത്തിൽ ടണൽ നിർമ്മിച്ച്, അതിലൂടെ തമിഴ്നാടിന് ജലം നൽകി, ഡാമിലെ ജലനിരപ്പ് താഴ്ത്തി നിർത്തുക എന്നതാണ്. അങ്ങനെ ചെയ്താൽ തമിഴ്നാടിന് ജലം കിട്ടും; കേരളത്തിൻ്റെ ആശങ്ക ഒഴിവാകുകയും ചെയ്യും.
ഈ വിധമൊരു ടണൽ നിർമ്മാണം ആറ് മാസം കൊണ്ട് പൂർത്തീകരിക്കാനാവുമെന്നും, ചെലവ് പുതിയ ഡാം നിർമ്മിക്കുന്നതിന് വേണ്ടിവരുന്നതിൻ്റെ പത്തിലൊന്ന് മാത്രം മതിയാകുമെന്നുമാണ് വിദദ്ധർ പറയുന്നത്. നടപ്പാകാൻ സാദ്ധ്യതയില്ലെന്ന് ഉറപ്പുള്ള ആവശ്യം ഉന്നയിച്ച്, സമയം തള്ളിനീക്കാതെ, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പര്യാപ്തമായ നടപടികൾക്ക് സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന് ജാഥ ആവശ്യപ്പെട്ടു.

