KERALA

ബ്രഹ്മപുരം: ലക്ഷ്യത്തിലേക്ക് ചുവടുവച്ച് ദൗത്യസംഘം

വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോർഡ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ ലക്ഷ്യത്തിലേക്ക്. ചതുപ്പായ പ്രദേശത്താണ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു മേഖലകളിൽ തീയും പുകയും പൂർണമായി ശമിച്ചിട്ടുണ്ട്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതിൽ ഇന്നു തന്നെ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും ഷിഫ്റ്റുകളിൽ അഗ്നിശമന പ്രവർത്തനം നടക്കുന്നു.

നിലവിൽ 200 അഗ്നിശമന സേനാംഗങ്ങളും, 18 എസ്കവേറ്റർ ഓപ്പറേറ്റർമാരും 68 സിവിൽ ഡിഫൻസ് അംഗങ്ങളും 55 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും 48 ഹോം ഗാർഡുകളും 6 പോലീസുകാരും നേവിയുടെ 5 പേരും ബി.പി.സി.എല്ലിലെ 2 പേരും സിയാലിൽ നിന്ന് 3 പേരും റവന്യു വകുപ്പിൽ നിന്ന് 4 പേരും ദൗത്യത്തിനുണ്ട്. ആംബുലൻസും 6 പേർ ഉൾപ്പെട്ട മെഡിക്കൽ സംഘവും സ്ഥലത്തുണ്ട്.

പുക അണയ്ക്കാൻ ഒരു ഫോം ടെൻഡർ യുണിറ്റും 18 ഫയർ യൂണിറ്റുകളും 18 എസ്കവേറ്ററുകളും 3 ഹൈ പ്രഷർ പമ്പുകളും ഉപയോഗിക്കുന്നുണ്ട്.

മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്ക ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്.

ഫയർ ടെൻഡറുകൾ നേരിട്ട് എത്തിക്കാനാകാത്തതാണ് ചതുപ്പു മേഖലയിൽ നേരിട്ട പ്രശ്നം. കടമ്പ്രയാറിൽ നിന്നും ഉയർന്ന ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച് ഉന്നത മർദ്ദത്തിൽ വെള്ളം പമ്പു ചെയ്താണ് ഇതിന് പരിഹാരം കണ്ടത്. മിനിട്ടിൽ 4000 ലിറ്റർ വെളളമാണ് ഇത്തരത്തിൽ പമ്പു ചെയ്യുന്നത്. ഫയർ ടെൻഡറുകൾ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാൻ പമ്പ് ഉപയോഗിക്കുന്നു

പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ചതിൽ 5 സെക്ടറുകളിലും തീ അണച്ചു. തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘവും രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും. ഫയർ ടെൻഡറുകൾ ചെളിയിൽ താഴുന്നത് ഒഴിവാക്കാൻ മെറ്റലും നിരത്തി.

പുകയുടെ അളവിൽ കുറവ്

പുകയണയ്ക്കൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ പുകയുടെ അളവിൽ ഗണ്യമായ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നു. ഇതു സംബന്ധിച്ച് കൺട്രോൾ റൂമിൽ ലഭിക്കുന്ന കോളുകളുടെ എണ്ണത്തിലും കുറവുണ്ട്. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button