കുന്നത്തുനാട്ടിൽ തീ പിടുത്തം കൂടുന്നു…ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്


കുന്നത്തുനാടിന്റെ വരണ്ടമേഖലയിൽ തീ പിടുത്തം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി അഗ്നിരക്ഷാ സേന.ഞായറാഴ്ച്ച പിണർമുണ്ട അഞ്ചാംകുന്ന് മലയിലും,കടമ്പ്രയാർ പനമുട്ടി പാടശേഖരത്തിലുമാണ് വ്യത്യസ്ത സമയങ്ങളിൽ തീ പിടുത്തമുണ്ടായത്.കടമ്പ്രയാർ പരിസരത്തെ അക്വേഷ മരങ്ങൾക്കിടയിൽ ഒത്തുചേർന്ന യുവാക്കൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നും തീ പിടിക്കുകയും, കാറ്റ് ശകതമായപ്പോൾ തീ പടരുകയുമായിരുന്നു.ഇത് പത്ത് ഏക്കറോളം വരുന്ന പാടശേഖരത്തിനും അക്വേഷമരങ്ങൾക്കും അഗ്നിബാധയുണ്ടാക്കി.


നോർത്ത് പിണർമുണ്ട തളിക്കുന്നത്ത് മൂലക്ക് സമീപം 2 ഏക്കർ വരുന്ന അഞ്ചാംകുന്ന് മലയിലെ അടിക്കാടിനും,ഒരാൾ ഉയരത്തിൽ നിൽക്കുന്ന ഉണങ്ങിയ പുല്ലിനുമാണ് ഉച്ചയോടെ തീപിടിച്ചത്. വരണ്ട പ്രദേശങ്ങളിൽ തീപിടുത്തത്തിന് കാരണമായ വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുതെന്നും അസ്വാഭാവികമായി തീ പടരുന്നതുകണ്ടാൽ അഗ്നിരക്ഷാ നിലയത്തിൽ വിവരമറയിക്കണമെന്നും പട്ടിമറ്റം ഫയർഫോഴ്സ് അറിയിച്ചു.