കുന്നത്തുനാട് പഞ്ചായത്തില്‍ വ്യാപക മണ്ണെടുപ്പ്; അധികൃതരുടെ ഒത്താശയോടെയെന്ന് ആരോപണം




കുന്നുകളുടെ നാടായ കുന്നത്തുനാട്ടിൽ ദിവസങ്ങൾ കഴിയുന്തോറും കുന്നുകൾ അപ്രത്യക്ഷമാവുകയാണ്.വ്യാപകമായ മണ്ണെടുപ്പിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന അപകടകരമായ അവസ്ഥ തുടരുകയാണ്.
രാഷ്ട്രിയ പാര്‍ട്ടികളുടെയും റവന്യു, പഞ്ചായത്ത് അധികാരികളുടെയും ഒത്താശയോടെ കുന്നത്തുനാട് പഞ്ചായത്തില്‍ വ്യാപക മണ്ണെടുപ്പ്. പള്ളിക്കര പിണര്‍മുണ്ട മനക്കേക്കര പ്രദേശത്തും പെരിങ്ങാല പോത്തനാംപറമ്പ് കോഴിമലയും ഇതിനോടകം തന്നെ മണ്ണ്മാഫിയകള്‍ തുരന്നെടുത്തു കഴിഞ്ഞു.
അഞ്ചും പത്തും സെന്റില്‍ നിന്നും മണ്ണെടുപ്പ് നടത്തുന്നതിന് അധികൃതരില്‍ നിന്നും അനുമതി വാങ്ങി ആയിരക്കണക്കിന് മണ്ണ് ലോഡുകളാണ് ടോറസ് ടിപ്പറുകള്‍ വഴി മണ്ണ് മാഫിയകള്‍ ഈ പ്രദേശങ്ങളില്‍ നിന്നും കടത്തിയിരിക്കുന്നത്. പിണര്‍മുണ്ട മനക്കേക്കരയില്‍ നിന്നും രാപകല്‍ വ്യത്യസമില്ലാതെ ഒരു മല തന്നെ തുരന്നെടുത്തിട്ടുണ്ട്.
ഇവിടെ മണ്ണെടുപ്പ് നടത്തുന്നത് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പതിയാതിരിക്കാനായി തകിടു കൊണ്ടുള്ള ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഇത്തരത്തില്‍ പോത്തനാംപറമ്പ് കോഴിമലയിലും മണ്ണെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്.
ഇതിനെതിരെ പ്രദേശവാസികള്‍ കുന്നത്തുനാട് വില്ലേജ് ഓഫീസ്, കുന്നത്തുനാട് പഞ്ചായത്ത് ഓഫീസ്, അമ്പലമേട് പോലീസ്, കുന്നത്തുനാട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ മണ്ണ് മാഫിയകള്‍ക്ക് വേണ്ടി മൗനം പാലിക്കുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
എതിര്‍ക്കുന്നവരെ കായികമായും സാമ്പത്തിക പ്രലോഭനങ്ങളില്‍പ്പെടുത്തിയും മണ്ണ് മാഫിയകള്‍ നേരിടുന്ന സാഹചര്യമാണുള്ളത്. കടുത്ത വേനലില്‍ കുടിവെള്ളത്തിനായി പ്രദേശവാസികള്‍ നെട്ടോട്ടമോടുമ്പോഴാണ് കുടിവെള്ളം മുട്ടിച്ചുകൊണ്ടുള്ള മണ്ണ് മാഫിയകളുടെ മല തുരക്കല്‍.
കാലാവസ്ഥയെ പ്രതിരോധിക്കാൻ പ്രകൃതി തന്നെ ഒരുക്കിയ വിഭവങ്ങൾ കൺമുന്നിൽ ഇല്ലാതാകുമ്പോഴും നിസ്സഹായരായി നോക്കി നിൽക്കുവാനേ നാട്ടുകാർക്കും ആവുകയുള്ളൂ.

