കോലഞ്ചേരിയിൽ വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി




കോലഞ്ചേരി കടയിരുപ്പിന് സമീപം എഴുപ്രം മേപ്രത്ത് പീറ്ററിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച് വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.സംഭവത്തിൽ അയൽവാസിയായ മാന്താനത്തിൽ അനൂപിനെയാണ് ഇയാൾ താമസിച്ചിരുന്ന വീട്ടിലും വെട്ടാനുപയോഗിച്ച കത്തി വാങ്ങിയ പട്ടിമറ്റത്തെ ഹാർഡ് വെയർഷോപ്പിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ ടി ദിലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്. വെട്ടാനുപയോഗിച്ച ആയുധവും ആക്രമിക്കാനുപയോഗിച്ച വസ്തുക്കളും പോലീസ് തെളിവായി ശേഖരിച്ചു.
കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പ്രതിയായ അനൂപ് പീറ്ററിനെയും ഭാര്യ സാലി, മകൾ റോഷ്നി,മരുമകൻ ബേസിൽ എന്നവർ ഉൾപ്പെടെ നാല് പേരെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ചത്. ഇവർ നാല് പേരും കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പീറ്ററി ന്റെ വീടിന് എതിർവശത്തായി താമസിയ്ക്കുന്ന അനൂപ് വീടിന്റെ ജനാലയിൽ ഘടിപ്പിച്ചിരിക്കുന്ന എയർഹോൺ മുഴക്കാറുണ്ടെന്നും നിരന്തരമായുള്ള ശല്യം സഹിക്കാകതായതോടെ ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ്പീറ്ററും കുടുംബവും പറയുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും പുത്തൻകുരിശ് പോലീസ് അറിയിച്ചു.