ജോസഫ് മാർ പക്കോമിയോസ് സ്മാരക മന്ദിര കൂദാശ കർമ്മം




വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ജോസഫ് മാർ പക്കോമിയോസ് സ്മാരക മന്ദിരം മലങ്കര ഓർത്തഡോക്സ് സഭ കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾ മാനേജറും തിരുവനന്തപുരം ഭദ്രാസന അധിപനുമായ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കൂദാശ കർമ്മം നിർവഹിച്ച് സ്കൂളിന് സമർപ്പിക്കും.
1938-ൽ കൊച്ചി രാജ്യത്തിൽ സ്ഥാപിതമായ കേരളത്തിലെ പുരാതനമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. മികച്ച സാമൂഹിക പ്രവർത്തകനും മനുഷ്യ സ്നേഹിയുമായിരുന്ന കാടായത്ത് പരേതനായ പൈലി ഏബ്രഹാം പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതി മുന്നിൽകണ്ട് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണിത്.കൊച്ചി രാജ്യത്തിന്റെ പൊതു വിദ്യാഭ്യാസ ഡയറക്ടറും രാജാവുമായിരുന്ന രാമവർമ്മ രാജാവിന്റെ മകനായിരുന്ന അയ്യൻ മേനോനാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ അനുമതി നൽകിയത്. 1938-ൽ തുടക്കം കുറിച്ച വിദ്യാലയം ജനകീയനും ഉജ്ജ്വല ഭരണകർത്താവും കൊച്ചി രാജാവുമായിരുന്ന രാമരാജവർമ്മ അഥവാ രാജർഷി തമ്പുരാന്റെ ഓർമയ്ക്കായി സമർപ്പിക്കപ്പെട്ടു. 1945-ൽ ഹൈസ്കൂൾ വിഭാഗവും 1953-ല്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും 2000-ൽ ഹയർ സെക്കൻഡറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.


1989-ൽ രാജർഷി സ്കൂൾ ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു. പ്രദേശത്തെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാഥമിക- സെക്കൻഡറി-ഹയർ സെക്കൻഡറി പഠനത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം. സ്കൂളിന്റെ ആദ്യത്തെ മാനേജറും സഭയ്ക്കായി ഈ സ്ഥാപനം സ്വരുക്കൂട്ടി അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ സ്മരണ നിലനിർത്തേണ്ടതും വടവുകോടിന്റെ അഭിമാനമായ രാജർഷിയെ കാലത്തിന് യോജിച്ച രീതിയിൽ മാറ്റിയെടുക്കേണ്ടതും ഈ തലമുറയുടെ കടമയാണെന്ന തിരിച്ചറിവാണ് സ്കൂളിന്റെ നവോന്മുഖമായ വികസന പദ്ധതിക്ക് ഞങ്ങളെ പ്രേരിപ്പിച്ചത്.


കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾക്ക് മാനേജ്മെന്റ് സ്കൂൾ കോഡിനേറ്റർ ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബ എം തങ്കച്ചൻ ആർ എം എച്ച് എസ് ഡെവലപ്മെന്റ് കമ്മിറ്റിയും രക്ഷ രക്ഷകർതൃ സമിതി അംഗങ്ങളും അധ്യാപകർ അനദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.