CRIME

സീരിയല്‍ കില്ലര്‍? റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ യുവതിയുടെ അഴുകിയ മൃതദേഹം

ബംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനില്‍ ഇത് മൂന്നാം തവണയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്

ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ എ.സി റെയില്‍വേ സ്റ്റേഷനായ ബംഗളൂരു എസ്.എം.വി.ടി റെയില്‍വെ സ്റ്റേഷനിലാണ് യുവതിയുടെ അഴുകിയ മൃതദേഹം റെയില്‍വേ സ്റ്റേഷനിലെ ഡ്രമ്മിൽ നിന്ന് കണ്ടെത്തിയത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനില്‍ ഇത് മൂന്നാം തവണയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. ഡിസംബറില്‍ ബൈപ്പനഹള്ളിയിലും ജനുവരിയില്‍ യശ്വന്ത്പുരയിലും യുവതികളുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഈ കൊലപാതകങ്ങളിലെല്ലാം ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യം പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.മൂന്നു കൊലപാതകങ്ങളെ സംബന്ധിച്ചും ഇതുവരെ വ്യക്തമായ തെളിവുകളും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ ടെര്‍മിനലില്‍ ദുര്‍ഗന്ധം വമിച്ചെങ്കിലും ഉറവിടം അറിയാത്തത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

വൈകിട്ടാണ് ഓട്ടോമാറ്റിക് സ്ലൈഡിങ്ങ് വാതിലിനോട് ചേര്‍ന്നുള്ള ഡ്രമ്മില്‍ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം.ഏകദേശം 31നും 35നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

തിങ്കളാഴ്ച മൂന്നു പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചെന്ന് ജില്ല പൊലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു.കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനാണ് ബൈപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളിലെ കംപാര്‍ട്ടുമെന്റിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി നാലിന് ബംഗളൂരു യന്ത്വന്ത്‌പുര റെയില്‍വേ സ്റ്റേഷനില്‍ വീപ്പക്കുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു പേരും 30 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. കൊലപാതക രീതിയിലെ സാമ്യം അന്വേഷിക്കാനും എസ്.എം.വി.ടി, യശ്വന്ത്പുര സ്റ്റേഷനുകളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പ്രത്യേകം പരിശോധനക്കാനുമാണ് പൊലീസിന്‍റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button