മയക്കുമരുന്നുമായി അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി


പെരുമ്പാവൂർ:വിൽപ്പനയ്ക്കായി ഡപ്പികളിൽ സൂക്ഷിച്ച മയക്കുമരുന്നുമായി അതിഥി തൊഴിലാളിയെ നാട്ടുകാർ ചേർന്ന് പിടികൂടി എക്സൈസിന് കൈമാറി. പെരുമ്പാവൂർ പള്ളിക്കവലയിൽ പ്ലൈവുഡ് കമ്പനി ജീവനക്കാരനായ അത്താബൂർ ഇസ്ലാമിനെയാണ് ഇക്കഴിഞ്ഞ രാത്രിയിൽ നാട്ടുകാർ ചേർന്ന് പിടികൂടിയത്. പെരുമ്പാവൂർ മത്സ്യ മാർക്കറ്റിന് സമീപത്തു നിന്നുമാണ് ഇയാൾ പിടിയിലായത്. പിടികൂടുമ്പോൾ 10 ചെറിയ ഡപ്പികളിലായി മയക്കുമരുന്ന് ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഇതുകൂടാതെ കൈവശമുണ്ടായിരുന്ന മറ്റുകുറെ ഡപ്പികൾ നാട്ടുകാരെ കണ്ടതോടെ ഇയാൾ തൊട്ടടുത്ത കാനയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് എക്സൈസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ കേസെടുത്തതായും പെരുമ്പാവൂർ എക്സൈസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പെരുമ്പാവൂർ നഗരം കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന നിരവധിപേരെ നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് ഇതിനോടകം പിടികൂടി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ലഹരി വില്പനയ്ക്കെതിരെ അദികൃതരുടെ ഭാഗത്ത് നിന്നും കൂബടുതൽ ജാഗ്രതവേണമെന്നും നാട്ടുകാർ പറയുന്നു.