ആത്മാവിനെ കാണാൻ ജനത്തിരക്ക്; ‘രോമാഞ്ചം ‘ നിറഞ്ഞോടുന്ന തീയേറ്ററുകൾ.


ഓജോ ബോർഡ് കേരളക്കരയിലെ യുവാക്കളെ വലിയ രീതിയിൽ സ്വാധീനിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. ആത്മാവ്, പ്രേതം, പിശാച് എന്നു തുടങ്ങി കഥകളിൽ മാത്രം നിറഞ്ഞുനിന്ന ബിംബങ്ങളെ കുറിച്ചൊക്കെ കൂടുതലറിയാനുള്ള കൗതുകത്താൽ ഹോസ്റ്റൽ മുറികളിലും വീടുകളിലുമൊക്കെ മുറിയടച്ചും മെഴുകുതിരികൾ കത്തിച്ചുവച്ചും ഓജോ ബോർഡുമായി ആത്മാവിനെ കാത്തിരുന്നതും പനിച്ചും തുള്ളിവിറച്ചും രാത്രികൾ തള്ളി നീക്കിയതുമായ കഥകൾ പല ചെറുപ്പക്കാർക്കും പറയാനുണ്ടാവും. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവർക്കും ബാച്ച്ലർ കാലത്തിലെ തമാശകളും കുസൃതികളും നൊസ്റ്റാൾജിയയായി കൊണ്ടുനടക്കുന്നവർക്കുമൊക്കെ ഓർത്തോർത്ത് ചിരിക്കാനും രസിക്കാനുമുള്ള നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുകയാണ് ‘രോമാഞ്ചം’.


പൊതുവെ ഹൊറർ ചിത്രങ്ങൾ പ്രേക്ഷകരെ പേടിപ്പിക്കുന്നതിലേക്ക് കൂടുതൽ ഫോക്കസ് കൊടുക്കുമ്പോൾ ഇവിടെ തിരിച്ചാണ് കാര്യങ്ങൾ. ഭയത്തേക്കാൾ പ്രേക്ഷകർക്ക് മനസ്സുതുറന്നു ചിരിക്കാനുള്ള അവസരമാണ് ‘രോമാഞ്ചം’ ഒരുക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ രസിപ്പിച്ചാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. സിറ്റുവേഷൻ കോമഡികളുടെ ഘോഷയാത്ര തന്നെ ചിത്രത്തിൽ കാണാം.


ജോൺപോൾ ജോർജ് പ്രോഡക്ഷൻസിന്റെയും ഗുഡ് വിൽ എന്റർടൈൻമെന്റിന്റെയും ബാനറിൽ ജോൺപോൾ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധാരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം പൊട്ടിച്ചിരിച്ചും രസിച്ചും കാണാവുന്ന, പൂർണമായും തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ഒരു ചിത്രം ആണ് ‘ രോമാഞ്ചം’