യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്നു: കരിമുകൾ സ്വദേശി പിടിയിൽ






യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ പിടിയിൽ. അമ്പാട്ട് കാവ് അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിയ്ക്കുന്ന കരിമുകൾ മുല്ലശേരി വീട്ടിൽ കിരൺ (ജിത്തു 23) നെയാണ് ആലുവ പോലീസ് പിടികൂടിയത്.
13 ന് രാത്രി 8 ന് ആലുവ മണപ്പുറത്തെത്തിയ കാടുകുറ്റി സ്വദേശി ലോയിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കിരണും സംഘവും മർദ്ദിച്ച് മൊബൈലും പണവും കവരുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ അമ്പാട്ടുകാവിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്.
കവർന്ന മൊബൈൽ ഫോൺ പ്രതിയിൽ നിന്ന് കണ്ടെടുത്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി ഉൾപ്പെടെ 7 കേസുകളുണ്ട്.
ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐ കെ. നന്ദകുമാർ, സി പി ഒ മാരായ മാഹിൻഷാ അബൂബക്കർ ,കെ എം മനോജ്, വി.എ അഫ്സൽ, പി.എ നൗഫൽ, സിയാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

