കള്ളവോട്ട് തടയാൻ ശിവനന്ദ് : സ്മാർട്ട് ഇ.വി.എം വികസിപ്പിച്ച് വിദ്യാർത്ഥി


കള്ളവോട്ടും ഇരട്ടവോട്ടും തടയാൻ സഹായിക്കുന്ന സ്മാർട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വികസിപ്പിച്ച് വിദ്യാർത്ഥി ശ്രദ്ധേയനായി. കണ്ണൂർ കല്യാശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ പി.വി. ശിവനന്ദാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. ഒരു വർഷക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് ഈ പുത്തൻ സംവിധാനം ശിവനന്ദ് യാഥാർത്ഥ്യമാക്കിയത്.
ഫിംഗർ പ്രിൻ്റ്, ആധാർ നമ്പർ, വോട്ടർ പട്ടിക എന്നിവ സുരക്ഷിതമായി പരിശോധിച്ച് കുറഞ്ഞ സമയത്തിനുളളിൽ വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കാൻ ഈ സ്മാർട്ട് വോട്ടിംഗ് മെഷീന് കഴിയും. ഒരു ഐഡി കാർഡിൽ ഒരു വോട്ട് മാത്രമേ സാധ്യമാവുകയൊള്ളു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഏകദേശം ആറ് ലക്ഷത്തോളം വോട്ടുകൾ ഇതിൽ സ്റ്റോർ ചെയ്യാൻ കഴിയും. വ്യാജ വോട്ടർമാരുടെ വിവരങ്ങൾ അധികാരികളെ അറിയിക്കുന്ന സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ശിവനന്ദ് ഈ ആശയം മുന്നോട്ട് വച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഇതിൻ്റെ തയ്യാറെടുപ്പുകൾ ആരംഭിച്ചത്. വോട്ടിംഗ് മെഷീൻ നിർമ്മിക്കുന്നതിനായി ഉപയോഗിച്ച തുക, ശിവനന്ദിന് ലഭിച്ച ഇൻസ്പെയർ അവാർഡിൽ നിന്നുള്ളതാണ്. അധ്യാപകരും കുടുംബവും എല്ലാ പിന്തുണയുമായി വിദ്യാർത്ഥിക്ക് ഒപ്പമുണ്ട്. ശിവനന്ദിന്റെ ഈ കണ്ടുപിടുത്തം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.





