LOCAL

അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

ചെങ്ങമനാട്: അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പുറയാർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് വീട്ടിൽ ബിനു (38) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടത് ബിനുവിന്റെ അമ്മയായ അനിത (58) ആണ്.

കഴിഞ്ഞ മാസം 30-നാണ് സംഭവം നടന്നത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അലക്കുകല്ലിന് സമീപം കുഴഞ്ഞുവീണ നിലയിലാണ് അനിതയെ കണ്ടതെന്നും, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ബിനു പോലീസിനോട് ആദ്യം മൊഴി നൽകിയത്. തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അനിതയുടെ മരണകാരണം വ്യക്തമായി. തലയ്ക്കും ശരീരത്തിനും മറ്റ് ആന്തരികാവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. ഇതോടെ, പോലീസ് നിരീക്ഷണത്തിലായിരുന്ന ബിനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

അനിത കഴിഞ്ഞ 22 വർഷമായി ഇടുക്കി ചെങ്കളത്തുള്ള ഒരു മേഴ്സി ഹോമിലായിരുന്നു താമസിച്ചിരുന്നത്. സെപ്റ്റംബറിലാണ് ബിനു അമ്മയെ ചൊവ്വരയിലുള്ള വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. സ്വത്ത് കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ അമ്മയെ നിരന്തരം മർദ്ദിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി റ്റി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐ. എസ്.എസ്. ശ്രീലാൽ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button