ഭവനഗ്രന്ഥശാല പ്രവർത്തനം ; വായന അനുഭവങ്ങൾ പങ്കുവെച്ച് നാടെങ്ങും വായനാമുറ്റങ്ങൾ


കോലഞ്ചേരി:പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ മലയാള ഭാഷാവിഭാഗവും സ്കൂൾ ലൈബ്രറിയും സംയുക്തമായി നടത്തുന്ന 200 ദിവസത്തെ ഭവനഗ്രന്ഥശാല പ്രവർത്തനങ്ങളുടെ ഭാഗമായി നാടെങ്ങും വായനാമുറ്റങ്ങൾ ഒരുക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ച്
വടയമ്പാടി, രാമമംഗലം, ഊരമന തുടങ്ങിയ പ്രദേശങ്ങളിൽ വായനാമുറ്റങ്ങൾ സംഘടിപ്പിച്ചു. വായനാശീലം പ്രോത്സാഹിപ്പിച്ച് കുട്ടികളുടെ ആശയവിനിമയ പാടവവും നേതൃത്വക്ഷമതയും വളർത്തുന്ന ഭവനഗ്രന്ഥശാല പ്രവർത്തനത്തിന്റെ അഞ്ചാം ഘട്ടമായി നവംബർ–ഡിസംബർ മാസങ്ങളിലാണ് വായനാമുറ്റങ്ങൾ ഒരുക്കുന്നത്.


വടയമ്പാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവിക അജിത്തിന്റെ നേതൃത്വത്തിലാണ് വായനാമുറ്റം ചേർന്നത്. അയൽവാസികളും സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പരിപാടിയിൽ വായനാക്കുറിപ്പ് അവതരണവും പുസ്തകചർച്ചയും നടന്നു. സാംസ്കാരിക പ്രവർത്തകൻ പ്രദീപ് കുമാർ എം.ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഭാഷാപണ്ഡിതയും അദ്ധ്യാപികയുമായ സരിത ഹരി ഉദ്ഘാടനം ചെയ്തു. ദേവിക അജിത്തും ശ്രീലക്ഷ്മി പ്രദീപും വായനാക്കുറിപ്പുകൾ അവതരിപ്പിച്ചു. പരമഭട്ടാര ഗുരുകുല വിദ്യാപീഠം ഡയറക്ടർ ബോർഡ് അംഗം എൻ.ആർ. സജീവൻ, പ്രിൻസിപ്പാൾ മനോജ് മോഹൻ, അദ്ധ്യാപകരായ ധന്യ ഹരി, മിനി വി.പി., അനു ജി.നായർ, അജിത്ത് മുരളി എന്നിവർ പ്രസംഗിച്ചു.


രാമമംഗലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയായ നിരഞ്ജൻ ഡി.നായരും ഊരമനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ കെ.എൽ. രോഹിത്ത് ശങ്കറും വിളിച്ചു ചേർത്ത വായനാമുറ്റങ്ങളിലും വിദ്യാർത്ഥികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകളും അനുഭവങ്ങളും പരസ്പരം പങ്കുവച്ചു. പരിപാടികളുടെ ഉദ്ഘാടനം പരമഭട്ടാര കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പാൾ ശ്രീജ ടി.ജി നിർവ്വഹിച്ചു.
ഭവനഗ്രന്ഥശാല പ്രവർത്തനം വിദ്യാർത്ഥികളിൽ വായനാശീലം, നേതൃശേഷി, സാമൂഹ്യസമരസത എന്നിവ വളർത്തുന്ന വിധമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് മലയാള വിഭാഗം അദ്ധ്യക്ഷൻ കെ.ജി. ശ്രീകുമാർ അഭിപ്രായപ്പെട്ടു.


ചിത്രം – പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ മലയാള ഭാഷ വിഭാഗവും സ്കൂൾ ലൈബ്രറിയും സംയുക്തമായി ഊരമനയിൽ സംഘടിപ്പിച്ച വായനാമുറ്റം പരിപാടിയിൽ രോഹിത്ത് ആർ. ശങ്കർ വായനാക്കുറിപ്പ് അവതരിപ്പിക്കുന്നു.



