

പോത്താനിക്കാട്: ഭാര്യാ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കടവൂർ ചാത്തമറ്റം ഇരട്ടക്കാലി തൊഴുത്തിങ്കൽ വീട്ടിൽ സുകുമാരനെ (67) കോടതി റിമാൻഡ് ചെയ്തു. ഇരട്ടക്കാലി സ്വദേശി രാജൻ അയ്യപ്പനാണ് മരണമടഞ്ഞത്.
സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു. ഭാര്യാ സഹോദരനുമായി നേരത്തെ വാക്കുതർക്കം ഉണ്ടായിരുന്ന സുകുമാരൻ രാത്രിയിൽ മദ്യപിച്ച് രാജൻ അയ്യപ്പന്റെ വീട്ടിലെത്തി ഇയാളെ പുറത്തേക്ക് വിളിക്കുകയായിരുന്നു. വീടിന്റെ ജനലിന് സമീപം വന്ന രാജൻ അയ്യപ്പനെ സുകുമാരൻ കറിക്കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു.


ഗുരുതരമായി മുറിവേറ്റ രാജൻ അയ്യപ്പൻ കിടപ്പുമുറിയിൽ രക്തം വാർന്ന് മരണപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സുഹൃത്തുക്കൾ ഇദ്ദേഹത്തിന്റെ വീട്ടിൽ വന്നപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സുഹൃത്തുക്കൾ പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സുകുമാരനെ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം.ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കല്ലൂർക്കാട് ഇൻസ്പെക്ടർ പി.എ.ഫൈസൽ, പോത്താനിക്കാട് എസ്.ഐ.മാരായ ജോഷി മാത്യു, പി.പി. പൗലോസ്, എ.എസ്.ഐ. ഷിബി കുര്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.





