

പെരുമ്പാവൂർ: പെരുമ്പാവൂർ വെങ്ങോലയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നിരവധി ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ അല്ലപ്ര കമ്പനി പടിക്ക് സമീപമാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.
ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഈ വീഴ്ച ശരിവെക്കുന്ന തരത്തിലുള്ളതാണ്. ബസ് അമിത വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നും നിയമങ്ങൾ ലംഘിച്ചാണ് മറികടക്കാൻ ശ്രമിച്ചതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.


പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഭാഗ്യവശാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. തലയ്ക്കോ മറ്റ് ആന്തരികാവയവങ്ങൾക്കോ പരിക്കേറ്റവരായി ആരുമില്ല. പ്രാഥമിക ചികിത്സ നൽകിയശേഷം ഭൂരിപക്ഷം പേരെയും ആശുപത്രിയിൽ നിന്ന് വിട്ടയച്ചതായി അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് വെങ്ങോല മേഖലയിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. റോഡിന്റെ മധ്യത്തിൽ കൂട്ടിയിടിച്ച നിലയിൽ വാഹനങ്ങൾ കിടന്നത് മറ്റ് യാത്രക്കാരെയും വലച്ചു. തുടർന്ന്, സ്ഥലത്തെത്തിയ പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഗതാഗതക്കുരുക്ക് നിയന്ത്രിച്ചത്. തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർക്ക് ഏറെ സമയമെടുക്കേണ്ടി വന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





