പട്ടിമറ്റത്ത് യുവതിയെ വെട്ടിയ സംഭവം: പിന്നിൽ സാമ്പത്തീക തർക്കം






പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടിപരിക്കേൽപ്പിച്ചതിന് പിന്നിൽ സാമ്പത്തീക വിഷയത്തെ ചൊല്ലിയുള്ള തർക്കമെന്ന് പോലീസ്.സംഭവത്തിലെ പ്രതി അടിമാലി മൂന്നാം മൈലിൽ വർക്ക് ഷോപ്പ് നടത്തുന്ന പ്രജിയെ (45) നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയിരുന്നു. കുടുംബമായി വേർപിരിഞ്ഞ് ജീവിക്കുന്ന ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളാണ്. സൗഹൃദബന്ധത്തിലുള്ളപ്പോൾ നടന്ന സാമ്പത്തീക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകശ്രമത്തിലേയ്ക്ക് എത്തിയതെന്നാണ് പ്രതിയുടെ മൊഴി.
കട അടച്ച് പോകുന്ന സമയം മനസിലാക്കിയാണ് പ്രജി എത്തിയത്. യുവതി പുറത്തേക്ക് ഇറങ്ങാൻ വൈകിയതോടെ കടക്കുള്ളിൽ കയറി വെട്ടി പരിക്കേല്പിക്കുകയായിരുന്നു. ഇയാളെ കുന്നത്തുനാട് പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മൊഴി പൂർണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടനില തരണം ചെയ്ത ശേഷം യുവതിയിൽ നിന്നും മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം .
ചൊവ്വാഴ്ച്ച വൈകീട്ട് 6 മണിയെടെ പട്ടിമറ്റം എസ്.ബി.ഐക്ക് സമീപം ജിജോ തീയറ്ററിലേയ്ക്ക് ഇറങ്ങുന്ന റോഡരികിൽ സ്പെയർപാർട്സ് കട നടത്തുന്ന രാമമംഗലം തമ്മാനിമറ്റം ചിറമോളേൽ ജെയ്സി മേരി ജോയിക്കാണ് (33) വെട്ടേറ്റത് തടയാൻ ശ്രമിച്ച പിതാവ് സി.പി. ജോയിക്കും (62) പരിക്കുണ്ട്. ഇരുവരും കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

