കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് യൂണിറ്റ്; രാസ ലഹരിക്കെതിരെ സ്നേഹലഹരി






കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് യൂണിറ്റിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന “രാസ ലഹരിക്കെതിരെ സ്നേഹലഹരി ” എന്ന ബോധവക്കരണ ക്യാമ്പയിന്റെ ലോഗോ ശ്രേഷ്ഠ കാതോലിക്ക ബെസ്സേലിയോസ് ജോസഫ് ബാവപ്രകാശനം ചെയ്തു.
ഇന്ത്യയിൽ വളരെ കുറച്ചു സംസ്ഥാനങ്ങളിൽ മാത്രം കേട്ടുകൊണ്ടിരുന്ന ലഹരിവ്യാപനം ഇപ്പോൾ കേരളത്തിലും പകർച്ചവ്യാധിപോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും വിദ്യാർത്ഥികളെ മറയാക്കി നടത്തിവരുന്ന രാസ ലഹരിവിതരണം ഭയപ്പെടുത്തുന്നതാണെന്നും ബാവ പറഞ്ഞു. ലഹരിയുടെ ഉപയോഗം യുവജനതയെ നശിപ്പിക്കുമ്പോൾ അതിനെതിരെ സമൂഹം ഒറ്റക്കെട്ടായി ഇറങ്ങേണ്ട സമയമായിരിക്കുന്നെന്നും ലഹരിവ്യാപനം തടയുന്നതിന് വ്യാപാരികൾ മുന്നിട്ടിറങ്ങുന്നത് അഭിനന്ദനാർഹമാണെന്നും ബാവ അറിയിച്ചു.
യാക്കോബായ സഭയുടെ മാനേജിങ് കമ്മിറ്റി അംഗം ഷെവലിയാർ മോൻസി വാവച്ചൻ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് യൂണിറ്റ് പ്രസിഡന്റ് സണ്ണി വർഗീസ്, യൂണിറ്റ് ഭാരവാഹികളായ നസ്സറുദ്ധീൻ കെ ബി, യൂസഫ് കെ എം, ജോർജ് വി.പോൾ,അബ്‌ദുൾ സലാം കെ എ, സണ്ണി കുര്യൻ കാരക്കാട്ട്, ആരിഫ് നൈനാർ, അബ്ദുൾ റെഹ്മാൻ, പ്രവീൺ എൻ കെ, ജിബിൻ രാജൻ എന്നിവർ പങ്കെടുത്തു
ക്യാമ്പയിന്റെ ആദ്യ പ്രോഗ്രമായി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പള്ളിക്കര കൊച്ചിൻ കോളേജിലെ എൻ എസ്സ് എസ്സ് യൂണിറ്റുമായി സഹകരിച്ച് ഏപ്രിൽ 9ന് ബുധനാഴ്ച്ച വൈകീട്ട് 3മണിക്ക് ബൈക്ക് റാലിയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലാഷ് മോബും നടത്തുമെന്ന് യൂണിറ്റ് പ്രസിഡന്റ് സണ്ണി വർഗീസ് അറിയിച്ചു.



