അത്ഭുതകരമായ രക്ഷപ്പെടൽ:കരിമുകളിൽ രണ്ടുവയസ്സുകാരൻ കിണറിൽ വീണു. കുട്ടിയെയും രക്ഷിക്കാൻ ഇറങ്ങിയ 3 പേരെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കുട്ടിയുടെ പിറകേ ചാടിയ കൊച്ചച്ചൻ കുട്ടിയെ വെള്ളത്തിൽ മുങ്ങാതെ പൊക്കി നിർത്തി








വീടിനോട് ചേർന്നുള്ള 30 അടി താഴ്ചയും 6 അടി വെള്ളവുമുള്ള കിണറിൽ വീണ രണ്ട് വയസ്സുകാരനെയും ,രക്ഷിക്കാനിറങ്ങിയ മുന്ന് പേരെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കരിമുകൾ പാറയിൽ എൽദോസിന്റെ രണ്ട് വയസ്സുകാരൻ ആദം ആണ് കിണറിൽ വീണത്.കുട്ടിയെ രക്ഷിക്കാൻ കിണറിലേക്ക് ഇറങ്ങിയ നാട്ടുകാരായ എബിൻ കുര്യാക്കോ, സലിം ,ബിജു എന്നീ മൂന്നുപേരെയുമാണ് ദ്രൂതഗതിയിലെത്തിയ ഫയർഫോഴ്സ് ടിം രക്ഷപ്പെടുത്തിയത്.
സംഭവം ഇങ്ങനെ;
ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടുകൂടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി വീടനോട് ചേർന്ന കിണറിന്റെ ഭിത്തിയിൽ പിടിച്ച് കയറി.വലകൊണ്ട് മൂടിയിരുന്ന കിണറിന്റെ മുകൾ ഭാഗത്ത് ചവിട്ടുന്നതിനിടയിൽ വലകീറി കുട്ടി കിണറിലേയ്ക്ക് പതിക്കുകയായിരുന്നു.കുട്ടി അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ കൊച്ചച്ചൻ എബിൻ കിണറിനടുത്തേയ്ക്ക് ഓടി എത്തിയപ്പോഴേയ്ക്കും കുട്ടി കിണറിലേയ്ക്ക് വീണു.
ഉടനെ പുറകെ കയറിൽ തൂങ്ങി കിണറിലേയ്ക്ക് ചാടിയ ഇദ്ദേഹം കുട്ടി വെള്ളത്തിൽ താഴാതെ പിടിച്ചു നിന്നു.എന്നാൽ ഈ വെപ്രാളത്തിനിടയിൽ കയറിവരുവാൻ സാധിക്കാതെ വന്നപ്പോഴാണ് നാട്ടുകാരായ സലിം ,ബിജു എന്നിവരും കിണറിലേയ്ക്ക് ഇറങ്ങിയത്. എന്നാൽ ഇവരും കിണറിൽ കുടുങ്ങി.
അപ്പോഴേയ്ക്കും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഇവരെ കിണറിൽ നിന്നും വല ഉപയോഗിച്ച് രക്ഷപ്പെടുത്തി.കുട്ടിയ്ക്ക് പരിക്കുകളൊന്നും തന്നെ ഇല്ല. കയറിൽ തൂങ്ങി നിന്ന എബിന്റെ കൈയ്ക്ക് ചെറിയ പരിക്കുകൾ ഉണ്ട്.
പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സതീഷ് ചന്ദ്രൻ
ഫയർ & റെസ്ക്യൂ ഓഫീസർ ബിബി കെ.എം.. ഫയർ & റെസ്ക്യൂ ഓഫീസർ വിജിത് കുമാർ,വിഷ്ണു എസ് , ഹോം ഗാർഡ്.കെ.ജെ. ജേക്കബ്, ഷിജു സോമൻ , കെ.സുനിൽ കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു



