KERALA

സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

പുത്തൻകുരിശ്: ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് (73) അന്തരിച്ചു. 1985-ൽ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്.

‘പുഴയോടഴകുള്ള പെണ്ണ്’ എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലേതാണ്

എറണാകുളം പുത്തൻകുരിശ് മാളിയേക്കൽ കണ്ണേത്ത് ഇട്ടൻ കുരിയന്റേയും വിത്തമ്മയുടേയും മകൻ. ഭാര്യ വെണ്ണിക്കുളം തുർക്കടയിൽ വത്സ. മകൻ അരുൺ കണ്ണേത്ത് (ദുബായ്), മരുമകൾ നീതു (ദുബായ്). സഹോദരങ്ങൾ: തങ്കമ്മ വർഗീസ് പാറയിൽ, അന്നമ്മ ഇട്ടി ഐപ്പ് കണ്ണങ്കുഴത്ത്, കുഞ്ഞൂഞ്ഞമ്മ യോഹന്നാൻ അടൂക്കാട്ടിൽ, പരേതരായ ജോർജ്ജ് കുരിയൻ, മറിയാമ്മ പൗലോസ് വാഴപ്പിള്ളിൽ, സാറാമ്മ പൗലോസ് തോട്ടപ്പിള്ളിൽ, അച്ചാമ്മ തോമസ് കീരംകുഴി.

സംസ്കാരം ഇന്ന് വൈകിട്ട് 3.00 ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

എഴുപതുകളിൽ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയിൽ, നിർമ്മാതാവും സംവിധായകനുമായ
പി.സുബ്രഹ്മണ്യത്തിന്റെ കീഴിൽ തന്റെ സിനിമാ ജീവിതം ആരംഭിച്ച വത്സൻ പിന്നീട് എം.കൃഷ്ണൻ നായർ, ശശികുമാർ, എ. ഭീംസിംഗ്, പി.എൻ. സുന്ദരം, തോപ്പിൽ ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴിൽ അമ്പതോളം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.

അടൂർ ഭാസി സംവിധാനം ചെയ്ത ‘ആദ്യപാഠ’ത്തിന്റെ സഹസംവിധായകനായിരുന്നു. പ്രശസ്ത സംവിധായകൻ മോഹന്റെ ആദ്യകാല ചിത്രങ്ങളിൽ മുഖ്യ സഹസംവിധായകനായി പ്രവർത്തിച്ചു.

നടനും നിർമ്മാതാവുമായ ഇന്നസന്റ്, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരോടൊപ്പം വിവിധ ചലച്ചിത്ര സംരംഭങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button