

കണ്ണൂർ : ജനുവരി ഒന്നുമുതൽ എങ്കിലും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 250 രൂപ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഒരു ചങ്കോ രണ്ട് ചങ്കോ ഉണ്ടാവട്ടെ സർക്കാർ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത് പാലിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നടക്കുന്ന കാർഷിക അതിജീവനമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 250 രൂപ വില എന്ന പ്രകടനപത്രിക യിലെ വാഗ്ദാനം നടപ്പിലാക്കണമെന്നും, വാഗ്ദാനം നടപ്പിലാക്കിയാൽ നവ കേരള സദസ്സ് ഐതിഹാസികമാകും എന്നും അല്ലാത്തപക്ഷം യാത്ര തിരുവനന്തപുരത്ത് എത്തിയാലും അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലായെന്നുമാണ് അദ്ദേഹം പറയുന്നത്.കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇരട്ടിയിൽ നടത്തിയ അതിജീവന യാത്രയിലാണ് ബിഷപ്പിന്റെ ഈ പ്രസ്താവന.


മലയോര കർഷകന്റെ രാഷ്ട്രീയം ഇനി അതിജീവനത്തിന്റെ രാഷ്ട്രീയമാണ്. കേരളം 250 രൂപ തന്നാൽ അവർക്ക് വോട്ട് ചെയ്യും,കേന്ദ്രം 300 രൂപ തന്നാൽ അവർക്ക് വോട്ട് ചെയ്യും. നവ കേരള സദസ്സിന് ആത്മാർത്ഥതയുണ്ടെങ്കിൽ പ്രകടനപത്രികയിൽ റബ്ബറിന് 250 രൂപ എന്ന വാഗ്ദാനം പാലിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ നവ കേരളത്തിന്റെ പ്രഭാത ഭക്ഷണം കൂട്ടായ്മയിൽ പോയത് രുചി നോക്കാനല്ല കർഷകർക്ക് വേണ്ടി ഈ ആവശ്യം നേരിട്ട് ഉന്നയിക്കാനാണ് എന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.


ഒരു കിലോ റബറിനു 300 രൂപയാക്കിയാൽ ബിജെപിക്ക് വോട്ട് നൽകുമെന്ന ബിഷപ്പിന്റെ പ്രഖ്യാപനം നേരത്തെ തന്നെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ബിജെപിയുടെ എംപി കേരളത്തിലില്ല എന്ന ബിജെപിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കുമെന്നായിരുന്നു മുമ്പ് ബിഷപ്പ് പറഞ്ഞത്. കർഷകരുടെ പ്രശ്നം പരിഹരിച്ചാൽ എംപി ഇല്ലെന്ന വിഷമം കർഷകർ പരിഹരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണം എന്നും ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലയെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.