ശ്രീകോവിൽ കുത്തിതുറന്ന് മോഷണം : തിരുവാഭരണം നഷ്ടമായി- കാണിക്കവഞ്ചി തകർത്തു




മട്ടാഞ്ചേരി: ചക്കാമാടം ഇല്ലിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം. ഭഗവാന് നിത്യം ചാർത്തുന്ന തിരുവാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഭഗവാന് ചാർത്തുന്ന ചെറിയ കിരീടം, നെക്ലസ്, ത്രിപുണ്ഡകം, ത്രിശൂലം, അടക്കം അഞ്ച് പവനോളം വരുന്ന തിരുവാഭരണങ്ങളാണ് നഷ്ടമായത്. ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കാണിക്കപ്പണം മോഷ്ടാവ് കൊണ്ട് പോയി.പുലർച്ചെ അഞ്ച് മണിയോടെ ക്ഷേത്രം തുറക്കാനെത്തിയ ശാന്തിക്കാരനാണ് സംഭവം കണ്ടത്. ഉടനെ ക്ഷേത്രം പ്രസിഡൻ്റ് അനീഷിനെ വിവരം അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിന് പുറകുവശത്തെ ഇരുമ്പ് ഏണിപ്പടി വഴി കയറിയ മോഷ്ടാവ് ക്ഷേത്ര മേൽക്കൂര വഴി അകത്തു കടന്നാണ് മോഷണം നടത്തിയത്.ശ്രീകോവിൽ കുത്തിതുറന്ന മോഷ്ടാവ് തൂക്ക് വിളക്ക് പ്രകാശിപ്പിച്ചതിന് ശേഷമാണ് കൃത്യം നിർവ്വഹിച്ചത്.ഇതിന് മുമ്പ് ശ്രീകോവിലിന് അഭിമുഖമായി സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറ ദിശ മാറ്റിയതിന് ശേഷമാണ് മോഷണം നടത്തിയതെന്ന് ക്ഷേത്രം പ്രസിഡൻ്റ് അനീഷ് പറഞ്ഞു. പോലിസിനെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസും വിരലടയാള വിദഗ്ധരുമെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്