അസാമിലെ കൊലപാതക കേസ് പ്രതി പെരുമ്പാവൂരിൽ പിടിയിൽ : പ്ലൈവുഡ് കമ്പനിയിൽ ജോലി നോക്കുകയായിരുന്നു






അസാമിലെ കൊലപാതക കേസ് പ്രതിയെ നൗഗാവ് സ്വദേശി സൈഫുൽ ഇസ്ലാമാണ് പോലീസിന്റെ പിടിയിലായത്. മഞ്ഞപ്പെട്ടിയിലെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. 2022ൽ അസം നൗകാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ഇയാൾ. പിന്നീട് കേരളത്തിലേക്ക് കടന്ന പ്രതി മഞ്ഞപ്പെട്ടിയിലെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ തൊഴിലെടുത്ത് വരുകയായിരുന്നു.




നാല് പ്രതികൾ ഉള്ള കേസിലെ ഒന്നാംപ്രതിയാണ് ഇപ്പോൾ പിടിയിൽ ആയിരിക്കുന്നത്. പ്രതിയെ അന്വേഷിച്ച് മൂന്നുദിവസം മുൻപാണ് അസം പോലീസ് പെരുമ്പാവൂരിൽ എത്തിയത്. പിന്നീട് പെരുമ്പാവൂർ പോലീസിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മഞ്ഞപ്പെട്ടിയിൽ നിന്ന് പ്രതി പിടിയിലാവുകയായിരുന്നു. പ്രതിയെ പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം അസമിലേക്ക് കൊണ്ടുപോയി.

