കോലഞ്ചേരിയിൽ ടോറസ് ലോറി കയറി സ്കൂട്ടർ യാത്രികന് പരിക്ക്






ദേശീയപാത കോലഞ്ചേരി മെഡിക്കൽ കോളേജ് ജംഗ്ഷനിൽ ടോറസ് ലോറി കയറി സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. കോലഞ്ചേരി മെഡിക്കൽ കോളേജിന് താഴെ കണ്ണട കട നടത്തുന്ന ഇടത്തൊട്ടിയിൽ തോമസ് ആണ് അപകടത്തിൽപ്പെട്ടത് . ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തൃപ്പൂണിത്തുറ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് പറയുന്നു.
തോമസിന്റെ കാലിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. ഉടനെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റിലേയ്ക്ക് മാറ്റി. സംഭവത്തിൽ ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായി.
തിരക്കേറിയ ടൗണിൽ വാഹനങ്ങൾ അനിയന്ത്രിതമായി ഓടുന്നതായി നിരവധി പരാതികളാണ് ഉയരുന്നത്. ടൗണിലേയ്ക്ക് പ്രവേശിക്കുന്ന പ്രധാന കവാടമാണ് ആശുപത്രി ജംഗ്ഷൻ . ദേശീയ പാതയിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗവും. റോഡിൽ ഇരു വശങ്ങളിലെ പാർക്കിംഗ് ഒരു പരിധി വരെ കാൽനട യാത്രക്കാരെയും ബാധിക്കുന്നുണ്ട്. കാലങ്ങളായി മുറവിളി കൂട്ടുന്ന ബൈപാസ് റോഡ് എന്ന ആശയം നടപ്പിലാക്കണമെന്നും ആവശ്യമുയരുന്നു.

