ജപ്തി ചെയ്തതായി ബാങ്ക് നോട്ടീസ് പതിച്ചതിന് പിന്നാലെ വൃദ്ധയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി




കോലഞ്ചേരി: വീട് പണയം വച്ചെടുത്ത പണം അടക്കാൻ വൈകിയതിന് ജപ്തി ചെയ്തതായി ബാങ്ക് നോട്ടീസ് പതിച്ചതിന് പിന്നാലെ അതേ വീട്ടിൽ വൃദ്ധയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. തിരുവാണിയൂർ വെട്ടിക്കൽ സരളയാണ് (64) മരിച്ചത്.
പരേതനായ നാരായണൻ നായരുടെ ഭാര്യയാണ്. വ്യാഴാഴ്ച്ച വെളുപ്പിന് അയൽവാസിയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് തൊട്ടടുത്തു നിന്നും മണ്ണെണ്ണ നിറച്ച കുപ്പി പുത്തൻകുരിശ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ ആയ ആയി ജോലി ചെയ്ത് വരികയായിരുന്നു.
കട ബാദ്ധ്യതയാണ് മരണ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. ഇവരുടെ മകൻ വിദേശത്താണ്. മകന്റെ ഭാര്യയുമായി പിണങ്ങി ഒറ്റക്കാണ് താമസമെന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട് പണയപ്പെടുത്തി വാങ്ങിയ 9 ലക്ഷം രൂപ ബാങ്കിൽ കുടിശ്ശികയുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം കുടുംബ പ്രശ്നങ്ങളും മരണ കാരണമണെന്നാണ് നിഗമനം.
മക്കൾ: സൗമ്യ, സന്ധ്യ, സന്ദീപ് മരുമക്കൾ: പ്രമോദ്, വിനയൻ , അംബിഷ. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് വീട്ടു വളപ്പിൽ. പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്കു ശേഷം മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

