മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയത്; വിശദീകരണവുമായി കുഞ്ഞിനെ വാങ്ങിയ സ്ത്രീ


തിരുവന്തപുരം: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി കുഞ്ഞിനെ വാങ്ങിയ സ്ത്രീ. മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്നും കരമന സ്വദേശിനി പറഞ്ഞു.
തനിക്ക് കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാവുമായി രണ്ടു വര്‍ഷത്തെ പരിചയമുണ്ട്. അവസ്ഥ കൊണ്ടു ചോദിച്ചതാണ്, അവരുടെ ഭര്‍ത്താവ് പ്രശ്നമുണ്ടാക്കിയപ്പോഴാണ് പണം നല്‍കിയത്. മൂന്നു ലക്ഷം രൂപ പലപ്പോഴായി ചോദിച്ചു. കുഞ്ഞിനെ വളര്‍ത്താനാണ് ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ കുഞ്ഞിന് വേണ്ടി അമ്മതൊട്ടിലില്‍ സമീപിച്ചിരുന്നു. സ്വന്തമായി വീടില്ലാത്തതിനാല്‍ കിട്ടിയില്ല. പിന്നാലെ കുഞ്ഞില്ലാത്ത സങ്കടം കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയോട് പലപ്പോഴായി പറഞ്ഞിരുന്നു. ഗര്‍ഭം ധരിക്കാമെന്ന് അവര്‍ തന്നോട് സമ്മതിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
മൂന്ന് ലക്ഷം രൂപ നല്കി നവജാത ശിശുവിനെ വില്‍പ്പന നടത്തിയത് ഇന്ന് ഉച്ചയോടെ പുറത്ത് വന്നത്. കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില് കേട്ടതാണ് നിര്‍ണായകമായത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ ഒരാഴ്ച മുമ്ബ് വിവരം സ്പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വില്‍പ്പനയടക്കം പുറത്ത് വന്നത്.
പൊലീസ് ചോദ്യംചെയ്യലില്‍ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് ഇവര്‍ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സി.ഡബ്ല്യു.സി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. യഥാര്‍ത്ഥ മാതാപിതാക്കളെ കുറിച്ച് സൂചനയുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.