CRIME

വിദേശത്ത് ജോലി വാഗ്ദാനം ട്രാവൽ ഏജൻസി ഉടമ പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ പിടിയിൽ .യു.സി കോളേജിനടുത്ത് കനാൽ റോഡിൽ ചക്കാലകക്കൂട്ട് വീട്ടിൽ മുഹമ്മദ് സനീർ (33) നെയാണ് ആലുവ പോലീസ് പിടികൂടിയത്. ഗൾഫ് രാജ്യങ്ങളിലെ കമ്പനികളിൽ പാക്കിംഗ്, സെക്യൂരിറ്റി ജോലികൾ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങളാണ് തട്ടിയത്. വിവിധ ജില്ലകളിൽ നിന്ന് പണനഷ്ടമായ മുപ്പതോളം പേരാണ് ആലുവ സ്റ്റേഷനിൽ പരാതിനൽകിയത്. ബൈപ്പാസ് ഭാഗത്ത് സൊലൂഷൻ ലക്സ് ട്രാവൽ ആന്റ് ടൂറിസം എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ നവംബറിൽ ഇയാൾ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നു.

പണം നഷ്ടമായവരുടെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃതത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. വിദേശ തൊഴിൽ റിക്രൂട്ട്മെന്റിനുള്ള യാതൊരു ലൈസൻസും ഇയാളുടെ സ്ഥാപനത്തിനില്ലായിരുന്നു.

കഴിഞ്ഞ ഒരു മാസമായി ഇയാൾ മുംബൈയിലായിരുന്നു. അവിടെ നിന്നും എറണാകുളം നോർത്തിലെ ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് ആലുവ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലാണ് കസ്റ്റഡിയിലെടുത്തത്.

ഡി വൈ എസ് പി പി.കെ ശിവൻ കുട്ടി, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐമാരായ സി.ആർ ഹരിദാസ്, എ.കെ. സന്തോഷ് കുമാർ സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്, എ.എം ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button