വാട്ടർ അതോറിറ്റിയുടെ കാസ്റ്റ് അയേൺ റിംഗുകൾ മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ
4 ലക്ഷം രൂപയോളം വിലവരുന്ന റിംഗുകളാണ് കളവ് പോയത്


വാട്ടർ അതോറിറ്റിയുടെ കാസ്റ്റ് അയേൺ റിംഗുകൾ മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. മണീട് ഏഴക്കരാട് കാവനാൽ വീട്ടിൽ എബിൻ ബെന്നി (21), തിരുവാണിയൂർ മുടക്കാരിൽ വീട്ടിൽ ജോൺ (21) എന്നിവരാണ് പുത്തൻകുരിശ് പോലീസിന്റെ പിടിയിലായത്. രാമമംഗലം പുഴയിൽ നിന്ന് വെള്ളം ചൂണ്ടിയിലേക്ക് കൊണ്ടുപോകുന്നതിന് വാട്ടർ അതോറിറ്റി പഴയ ആസ്ബറ്റോസ് പൈപ്പ് മാറ്റി കാസ്റ്റ് അയേൺ പൈപ്പുകൾ സ്ഥാപിക്കുകയാണ്. പഴയ പൈപ്പുകൾ കൂട്ടിച്ചേർക്കാൻ ഉപയോഗിച്ചിരുന്ന കാസ്റ്റ് അയേൺ റിംഗുകളാണ് മോഷ്ടിക്കപ്പെട്ടത്. ഒരെണ്ണം 85 കിലോഗ്രാമോളം വരും. ഇത്തരത്തിൽ 4 ലക്ഷം രൂപയോളം വിലവരുന്ന റിംഗുകളാണ് കളവ് പോയത്. ഇതിൽ 315 കിലോഗ്രാം റിംഗുകൾ ആക്രിക്കടയിൽ നിന്നും കണ്ടെടുത്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. സബ് ഇൻസ്പെക്ടർമാരായ കെ എസ് ശ്രീദേവി, കെ.സജീവ്, എ.എസ്. ഐ മനോജ് കുമാർ , എസ്.സി.പി.ഒ ഡിനിൽ ദാമോധരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.