ENTERTAINTMENT

ഇത്തവണ ഉറപ്പ് ; പറഞ്ഞ ദിവസം തന്നെ തുറമുഖം എത്തും

ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്

മലയാളത്തിന്റെ പ്രിയ യുവതാരം നിവിൻ പോളി നായകനായി എത്തുന്ന ചിത്രം തുറമുഖം റിലീസിന് ഒരുങ്ങുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് മാർച്ച് 10ന് തിയറ്ററുകളിൽ എത്തുന്നത്.

ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.നേരത്തേ മൂന്ന് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം പറയുകയാണ് നിവിന്‍ പോളി. നിര്‍മാതാവിന്റെ പ്രശ്‌നങ്ങളാണ് സിനിമ വൈകാന്‍ കാരണമെന്നാണ് നിവിന്‍ പറഞ്ഞത്.‘തുറമുഖം’ ഇത്രയേറെ പ്രശ്‌നത്തിലേക്ക് പോകേണ്ട സിനിമയല്ലെന്ന് നിവിന്‍ പോളി പറഞ്ഞു. ഇത് ഒരു നാല്‍പ്പത് കോടി പടമോ, അമ്പത് കോടി പടമോ, നൂറുകോടി പടമോ അല്ല. മലയാളത്തിന് താങ്ങാവുന്ന ബജറ്റില്‍ ഒരുക്കിയ ചിത്രമാണ്.

മൂന്ന് പ്രാവശ്യം പടം റിലീസ് ചെയ്യാന്‍ ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പടം ഇറങ്ങില്ലെന്ന് പ്രൊഡ്യൂസര്‍ക്ക് അറിയാമായിരുന്നുവെന്നും തങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നല്‍കാന്‍ വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു എന്നും നിവിന്‍ പോളി വ്യക്തമാക്കി.ഒരുഘട്ടത്തില്‍ താന്‍ ഈ പടം റിലീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഏറ്റെടുത്താല്‍ സമ്മതിക്കാം എന്നാണ് നിര്‍മാതാവ് പറഞ്ഞത്. അന്ന് കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ തനിക്ക് കഴിയില്ലായിരുന്നു. അതാണ് അന്ന് റിലീസ് ആകാതിരുന്നതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിനാണ് ഏറ്റെടുത്തത്. ലിസ്റ്റിന്‍ പടം കണ്ട് ഇഷ്ടപ്പെട്ടിരുന്നു.

നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് സിനിമ പറയുന്നത്.ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.

ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button