

കോലഞ്ചേരി: തിരുവാണിയൂർ-വെട്ടിക്കൽ റോഡ്; ഗുണഭോക്താക്കൾ സ്വമേധയാ സ്ഥലം വിട്ടു നൽകിയാൽ വീതി കൂട്ടാൻ തീരുമാനം. പി.വി.ശ്രീനിജിൻ എം.എൽ.എ. വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. റോഡ് ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്യുന്നതിന് സംസ്ഥാന ബജറ്റിൽ 4 കോടി അനുവദിച്ചതിനെ തുടർന്നാണ് നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിന് എം.എൽ.എ.മുൻകൈ എടുത്ത് യോഗം വിളിച്ചത്. തിരുവാണിയൂർ- ചോറ്റാനിക്കര പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിൻ്റെ 2.5 കി.മീ. ഭാഗമാണ് നവീകരിക്കുന്നത്. കലുങ്കുകൾ, സ്ഥല നിർണയ -അപകട മുന്നറിയിപ്പ് ബോർഡൂകൾ, സീബ്രാലൈൻ, റിഫ്ലക്ടറുകൾ ഉൾപ്പടെ ആധുനിക രീതിയിലാണ് റോഡ് നവീകരിക്കുന്നത്.ഇതിൻ്റെ ഭാഗമായി റോഡിൻ്റെ ഇരുവശങ്ങളിലും താമസിക്കുന്ന ഗുണഭോക്താക്കളുടെ യോഗം ഉടനടി വിളിച്ചു ചേർക്കാനും തീരുമാനിച്ചു. പി.വി.ശ്രീനിജിൻ എം.എൽ.എ.അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ.പ്രകാശ്, വൈസ് പ്രസിഡൻ്റ് ഷീജ വിശ്വനാഥൻ, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ.രാജേഷ്, വാർഡ് മെമ്പർ കെ.കെ.സിജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.