സ്വർണ്ണം ഒളിച്ചു കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ


ദുബായിയിൽ നിന്നും സ്വർണ്ണം ഒളിച്ചു കടത്തിക്കൊണ്ടുവന്നയാളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി സ്വർണ്ണം കവർന്ന സംഘം പിടിയിൽ. കണ്ണൂർ ഇരിട്ടി, തില്ലങ്കരി, കാവുംപടി, ഷാനാമൻസിലിൽ ഷഹീദ് (24) തലശ്ശേരി മങ്ങാട്ടിടം നിർമ്മലഗിരി ഭാഗത്ത് ധ്വനീ വീട്ടിൽ സ്വരലാൽ (36), തലശ്ശേരി മങ്ങാട്ടിടം നിർമ്മലഗിരി ഭാഗത്ത് നിബാ മൻസിലിൽ അനീസ് (34), ഇരിട്ടി തില്ലങ്കരി കുണ്ടേരിഞ്ഞാൻ വീട്ടിൽ സുജി (33), ഇരിട്ടി തില്ലങ്കരി പഴയപുരയിൽ വീട്ടിൽ രജിൽരാജ് (30), ഇരിട്ടി മുഴക്കുന്ന് പാലപ്പുഴ കുറുക്കൻ പറമ്പിൽ വീട്ടിൽ ശ്രീകാന്ത് (32), ഇരിട്ടി തില്ലങ്കരി ഉളിയിൽ തറക്കണ്ടി വീട്ടിൽ സവാദ് (23) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
എമിരേറ്റ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഗുരുവായൂർ സ്വദേശി നിയാസിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി ക്യാപ്സ്യൂൾ രൂപത്തിലുള്ള 3 സ്വർണ്ണം കവർച്ച നടത്തിയത്.
തുടർന്ന് ആലുവയിൽ നിയാസിനെ ഉപേക്ഷിച്ച് സംഘം കടന്നു. വിദേശത്ത് നിന്ന് സ്വർണ്ണം ഒളിച്ചു കടത്തിക്കൊണ്ടു വരുന്നവരെ എയർപ്പോർട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി സ്ഥിരമായി സ്വർണ്ണം കവർച്ച ചെയ്യുന്ന സംഘത്തെയാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് ടീം തന്ത്രപരമായി പിടികൂടിയത്.
അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ എക്സ്പ്ലൊസീവ് ആൻറ് ആംസ് ആക്ട് അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളാണ്. രജിൽ രാജ് മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ ഷുഹൈബ് വധക്കേസിലും, മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ വിനീഷ് വധക്കേസിലും പ്രതിയാണ്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.
ഡി.വൈ.എസ്.പി എ.പ്രസാദ്, ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ എൽദോ പോൾ, എസ്.രാജേഷ്കുമാർ, എ.എസ്.ഐ എം.സി.പ്രസാദ് സി.പി.ഒ മാരായ റോണി അഗസ്റ്റിൻ, സജീവ് ചന്ദ്രൻ, അരുൺ രവികുമാർ, ശ്രീജു രാജൻ, ജെസിൻ ജോയി എന്നിവരാണ് എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.